ബംഗളൂരു സ്വർണക്കടത്തുകേസ്;ഡി.ജി.പി രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം

news image
Mar 12, 2025, 4:02 am GMT+0000 payyolionline.in

ബംഗളൂരു: നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ രന്യയുടെ വളർത്തച്ഛനും കർണാടക ഡി.ജി.പിയുമായ കെ. രാമചന്ദ്ര റാവുവിനെതിരെ സർക്കാർ അന്വേഷണം. അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് കർണാടക സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച രാത്രി പുറപ്പെടുവിച്ചു.

ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കർണാടക സ്റ്റേറ്റ് പൊലീസ് ഹീസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ എം.ഡിയായാണ് രാമചന്ദ്ര റാവു സേവനമനുഷ്ഠിക്കുന്നത്. 2014 ൽ മൈസൂരു സതേൺ റേഞ്ചിൽ ഐ.ജി.പിയായിരിക്കെ ഡി.ജി.പി റാവു ഹവാല അഴിമതിയിൽ കുടുങ്ങി നടപടിക്ക് വിധേയനായിരുന്നു. കേരളത്തിലെ ബിസിനസുകാരന് കൈമാറാൻ കൊണ്ടുപോവുന്നതിനിടെ ബസിൽ നിന്ന് രണ്ടു കോടിയിലേറെ രൂപ പൊലീസ് പിടികൂടിയെങ്കിലും 20 ലക്ഷം രൂപ പിടിച്ചെടുത്തതായി മാത്രം രേഖയുണ്ടാക്കി ബാക്കി പണം മുക്കി.

പൊലീസിന്റെ കൊള്ളക്കെതിരെ ബിസിനസുകാരൻ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് സി.ഐ.ഡി അന്വേഷണം നടത്തുകയും രാമചന്ദ്ര റാവുവിന്റെ പേഴ്‌സണൽ ഗൺമാൻ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടർന്ന് റാവുവിനെ ദക്ഷിണ മേഖല ഐ.ജി സ്ഥാനത്ത് നിന്ന് നീക്കി തസ്തിക നൽകാതെ ബംഗളൂരു പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. വീണ്ടും ചുമതലകൾ നൽകി രണ്ട് വർഷത്തിന് ശേഷം വ്യാജ ഏറ്റുമുട്ടൽ കൊല ആരോപണം ഈ ഉദ്യോഗസ്ഥനെതിരെ ഉയർന്നു. ഗുണ്ടാസംഘാംഗങ്ങളായ ധർമ്മരാജ്, ഗംഗാധർ ചദച്ചന എന്നിവരുടെ മരണത്തെക്കുറിച്ച് സി.ഐ.ഡി നടത്തിയ അന്വേഷണത്തിൽ റാവുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സ്വർണക്കടത്തിന് ഗ്രീൻ ചനൽ ഉപയോഗപ്പെടുത്തിയ രന്യ റാവു, വിമാനത്താവളത്തിൽനിന്ന് പൊലീസ് അകമ്പടിയിലാണ് മടങ്ങിയിരുന്നത്. പ്രോട്ടോകോൾ ദുരുപയോഗത്തിന് പുറമെ, സ്വർണക്കടത്തിൽ ഡി.ജി.പിക്ക് പങ്കുണ്ടോ എന്നകാര്യവും അന്വേഷിക്കാനാണ് തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വിമാനത്താവളങ്ങളിൽ നൽകുന്ന പ്രോട്ടോകോൾ സുരക്ഷ കഴിഞ്ഞ ദിവസം കർണാടക സർക്കാർ പിൻവലിച്ചിരുന്നു. പ്രോട്ടോക്കോളിലുണ്ടായ വീഴ്ച സംബന്ധിച്ച് സി.ഐ.ഡി വിഭാഗവും അന്വേഷണം നടത്തും.

മാർച്ച് മൂന്നിന് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് നടി രന്യ റാവുവിന്റെ പക്കൽനിന്ന് 12.56 കോടിയുടെ സ്വർണമാണ് ഡി.ആർ.ഐ വിഭാഗം പിടിച്ചത്. തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടിയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തിരുന്നു. കേസിൽ ഡി.ആർ.ഐക്ക് പുറമെ, സി.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽകഴിഞ്ഞദിവസം ഒരാളെ കൂടി ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് ഡി.ആർ.ഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ രന്യ റാവുവിനെ വിശദമായ ചോദ്യം ചെയ്യലിനായി 14 ദിവസത്തെ കസ്റ്റഡിയിലും വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe