ബംഗളൂരു: നൂറുകണക്കിന് മലയാളികൾ ദിനേനെ യാത്രചെയ്യുന്ന ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗ പാതയിലെ ടോൾ നിരക്ക് 22 ശതമാനമാക്കി ദേശീയപാത അതോറിറ്റി കൂട്ടി. കഴിഞ്ഞ മാർച്ച് 12നാണ് 118 കിലോമീറ്റർ ദൂരമുള്ള പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
17 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഒന്നിന് ടോൾ നിരക്ക് കൂട്ടിയെങ്കിലും കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി.ജെ.പി സർക്കാർ തീരുമാനം മരവിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ജൂൺ ഒന്നുമുതൽ വർധനവ് വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചത്. കാർ, വാൻ, ജീപ്പുകൾ എന്നിവക്ക് ഒറ്റയാത്രക്ക് 135 രൂപയും മടക്കയാത്രയുമടക്കം 205 രൂപയും മാസപാസിന് 4,525 രൂപയുമാണ് പഴയ നിരക്ക്.
ബസുകൾക്കും ട്രക്കുകൾക്കും ഒറ്റയാത്രക്ക് 460 രൂപയും മടക്കയാത്രയുമുണ്ടെങ്കിൽ 690 രൂപയുമായിരുന്നു പഴയ നിരക്ക്. ഇതാണ് 22 ശതമാനമാക്കി കൂട്ടിയിരിക്കുന്നത്. കനിമനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ നിന്നാണ് ടോൾ പിരിക്കുന്നത്. നിലവിൽ സൗജന്യമായി വാഹനം ഓടിക്കാൻ കഴിയുന്ന ഇതേ പാതയിലെ 61 കിലോമീറ്റർ ഉള്ള നിദഘട്ട-മൈസൂരു സെക്ഷനിൽ ടോൾ പിരിവ് തുടങ്ങാനുള്ള നടപടിയും അതോറിറ്റി തുടങ്ങിയിട്ടുണ്ട്.
ഈ ഭാഗത്ത് ജൂലൈ ഒന്നുമുതൽ ടോൾപിരിവ് തുടങ്ങാനാണ് സാധ്യത. അതേസമയം, കഴിഞ്ഞ ഏപ്രിൽ ഒന്നിന് തുടങ്ങാനിരുന്ന വർധനവ് തൽക്കാലം മരവിപ്പിച്ചതായിരുന്നുവെന്നും പുനരാരംഭിച്ചതെന്നും അതോറിറ്റി അധികൃതർ പറയുന്നു.
പുതിയ നിരക്ക് ഇപ്രകാരം:
ഒരു വശത്തേക്കുള്ള യാത്ര, 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയുമടക്കം, മാസപാസ് (50 ദിവസത്തേക്ക് ഒരു വശത്തേക്കുള്ള യാത്ര) എന്നീ ക്രമത്തിൽ
- കാർ, വാൻ, ജീപ്പ് -165രൂപ, 250, 5575
- എൽ.സി.വി, എൽ.ജി.വി, മിനി ബസ് -270, 405, 9000
- ട്രക്ക്, ബസ് (ടു ആക്സിൽ) -565, 850, 18860
- മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾ -615, 925, 20575
- നിർമാണപ്രവൃത്തികൾക്കുപയോഗിക്കുന്ന ജെ.സി.ബി പോലുള്ള വാഹനങ്ങൾ: 885, 1330, 29580.
- ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾ: 1080, 1620, 36010