ബംഗളൂരു: നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ഇനി ഹെൽപ്ലൈൻ. ഗതാഗതപ്രശ്നങ്ങൾക്ക് 112 ഹെൽപ് ലൈൻ ഡയൽ ചെയ്യാമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. നഗരത്തിലെ താമസക്കാരും പൊലീസും തമ്മിലുള്ള പ്രതിമാസ ആശയവിനിമയമായ മാസിക ജനസമ്പർക്ക ദിവസയിൽ ഉയർന്ന നിർദേശമാണ് നടപ്പാക്കുന്നതെന്ന് കമീഷണർ പറഞ്ഞു.
ഹെൽപ്ലൈൻ വഴി ലഭിക്കുന്ന ഇത്തരം പരാതികൾ ട്രാഫിക്കിലെ ഹൊയ്സാല വിഭാഗത്തിന് പകരം കോബ്ര വിഭാഗം കൈകാര്യം ചെയ്യും. ബൈക്കുകളിലെത്തുന്ന കോബ്ര വിഭാഗത്തിന് ഇത്തരം അടിയന്തര കാളുകൾ സ്വീകരിച്ച് പ്രശ്നം റിപ്പോർട്ട് ചെയ്ത ഇടങ്ങളിലേക്ക് പെട്ടെന്ന് എത്താനാകും.
അടിയന്തര ആവശ്യത്തിനായി 112 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ, ഇൻഫൻട്രി റോഡിലെ കമീഷണറുടെ ഓഫിസിലെ കൺട്രോൾ റൂമിലേക്ക് കോൾ കണക്ട് ചെയ്യും. വിശദാംശങ്ങളും സ്ഥലവും രേഖപ്പെടുത്തിക്കഴിഞ്ഞാൽ, വിളിക്കുന്നയാളെ സഹായിക്കാൻ അടുത്തുള്ള കോബ്ര പട്രോളിങ് വാഹനം ഉടനെത്തും.
പൊലീസ് കമീഷണറുടെ നീക്കത്തെ നെറ്റിസൺസ് അഭിനന്ദിച്ചു.നഗരത്തിൽ പലയിടത്തും റോഡുകളിൽ റൗഡി സംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞയാഴ്ച മലയാളി യുവാക്കൾ സഞ്ചരിച്ച കാർ ബൈക്കുകളിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയും യാത്രക്കാരെ മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ഉറപ്പുനൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റി ടോൾ ഗേറ്റിന് സമീപം സ്കൂട്ടർ യാത്രികൻ കേരള ആർ.ടി.സിയുടെ സ്വിഫ്റ്റ് എ.സി സ്ലീപ്പർ ബസിന്റെ ചില്ലും ഹെഡ്ലൈറ്റുകളും അടിച്ചുതകർത്തത്. ഈ കേസിൽ പരപ്പന അഗ്രഹാര പൊലീസ് അന്വേഷണം നടത്തിവരുകയാണ്.