ബംഗളൂരു: കോച്ചിങ് സെന്ററിൽ നിന്ന് കാണാതായ 12 കാരനെ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദിലെ മെട്രോയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബംഗളൂരുവിലെ ഗുഞ്ജൂരിലെ ഡീൻസ് അക്കാദമിയിലെ വിദ്യാർഥിയായിരുന്ന പരിണവിനെയാണ് കാണാതായത്.
ജനുവരി 21നാണ് കുട്ടി കോച്ചിങ് ക്ലാസിൽ നിന്ന് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയത്. അന്ന് വൈകീട്ട് 4.15ന് മജെസ്റ്റിക് ബസ് സ്റ്റേഷനിലാണ് കുട്ടിയെ ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. കുട്ടിയുടെ വിവരങ്ങൾക്കായി കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ കുറച്ചാളുകൾ അവന്റെ ചിത്രം വെച്ച് കാണാനില്ലെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.കുട്ടിയെ കണ്ടെത്താൻ അതു വലിയ പങ്കുവഹിച്ചു.
മൂന്നുദിവസം കഴിഞ്ഞപ്പോൾ, ബംഗളൂരു സ്വദേശിയാണ് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ പരിണവിനെ കണ്ടെത്തിയത്. അവർ സഞ്ചരിച്ചിരുന്ന അതേ മെട്രോയിലായിരുന്നു കുട്ടിയും. ഫോണിലെ സന്ദേശം പരിശോധിച്ച് കാണാതായ കുട്ടി അതുതന്നെയാണെന്ന് അവർ ഉറപ്പുവരുത്തി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നമ്പള്ളി മെട്രോസ്റ്റേഷനിലെത്തിയ പൊലീസ് പരിണവിനെ പിടികൂടി. എങ്ങനെയാണ് കുട്ടി അവിടെ എത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. കുട്ടിയെ കണ്ടെത്താൻ സഹായിച്ച അഞ്ജാതരായ ആളുകളോട് പരിണവിന്റെ പിതാവ് നന്ദി പറഞ്ഞു. സോഫ്റ്റ് വെയർ എൻജിനീയറാണ് പരിണവിന്റെ അച്ഛനായ സുകേഷ്. വാട്സ് ആപ് വഴി അവന്റെ ചിത്രം പ്രചരിച്ചില്ലായിരുന്നു എങ്കിൽ ഒരിക്കലും ആരും അവനെ തിരിച്ചറിയില്ലായിരുന്നുവെന്ന് സുകേഷ് പറഞ്ഞു.
എത്രയും പെട്ടെന്ന് മകനോട് വീട്ടിലേക്ക് തിരിച്ചെത്താൻ അപേക്ഷിച്ച് മുമ്പ് പരിണവിന്റെ അമ്മയും സാമൂഹിക മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു. മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് അവർ വീണ്ടും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.