ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വിദ്യാഭ്യാസസ്ഥാപനമായ ‘ബൈജൂസ്’ തങ്ങളുടെ ആസ്ഥാനമായ ബംഗളൂരുവിലെ ഓഫിസുകൾ ഒഴിവാക്കുന്നു. കമ്പനിക്ക് രാജ്യത്ത് ഏറ്റവും വലിയ ഓഫിസുകളുള്ള ബംഗളൂരുവിൽ കൂട്ടപിരിച്ചുവിടലിനു ശേഷമാണ് ചെലവുചുരുക്കലിനുള്ള തുടർനടപടികൾ.
കല്യാണി ടെക് പാർക്കിലെ 5.58 ലക്ഷം ചതുരശ്ര അടിയുള്ള ഓഫിസുകൾ ഒഴിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള ജീവനക്കാരോട് കഴിഞ്ഞ ദിവസം മുതൽ വീടുകളിൽനിന്നോ കമ്പനിയുടെ മറ്റ് ഓഫിസുകളിൽനിന്നോ ജോലി ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രസ്റ്റീജ് ടെക് പാർക്കിലെ ഓഫിസും ക്ലാസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒമ്പതു നിലകളിൽ രണ്ടെണ്ണവും ഒഴിഞ്ഞു.
കല്യാണി ടെക് പാർക്കിലെ ജീവനക്കാർ പ്രസ്റ്റീജ് ടെക് പാർക്ക്, ബന്നാർഘട്ടയിലെ പ്രധാന ഓഫിസ് എന്നിവിടങ്ങളിൽനിന്നായിരിക്കും ഇനി ജോലി ചെയ്യുക. കടബാധ്യത കൂടിയതിനാൽ പ്രവർത്തന ചെലവ് കുറക്കുന്നതിനായി ബംഗളൂരുവിലെ ബാക്കിയുള്ള ഓഫിസുകൾ ആഗസ്റ്റോടെ കൈമാറുമെന്നാണ് അറിയുന്നത്.
അതേസമയം, ബിസിനസ് വികസനത്തിനായും പ്രവർത്തന നവീകരണത്തിനായുമായാണ് പുതിയ നടപടികളെന്നും കമ്പനിക്ക് രാജ്യത്താകമാനം വാടകയിൽ പ്രവർത്തിക്കുന്ന മൂന്നു മില്യൺ ചതുരശ്ര അടിയുള്ള ഓഫിസുകളാണുള്ളതെന്നും ‘ബൈജൂസ്’ അധികൃതർ പ്രതികരിച്ചു.
ഇൻസെന്റീവുകൾ നൽകാത്തതിനെതിരെ മുതിർന്ന ജീവനക്കാരടക്കം പ്രതിഷേധിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കിടെ അയ്യായിരത്തിലേറെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. സെയിൽസ്, മാർക്കറ്റിങ് വിഭാഗത്തിലെ 1000 പേരെയാണ് പിരിച്ചുവിട്ടത്. നിർബന്ധിത വിരമിക്കലിന് കമ്പനി സമ്മർദം ചെലുത്തുന്നുവെന്നും ജീവനക്കാർ പറയുന്നു.
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്) അടക്കാത്തതിനാൽ കഴിഞ്ഞ മാസം മുതൽ ബൈജൂസ് കമ്പനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നിരീക്ഷണത്തിലാണ്. ബംഗളൂരുവിലെ ഓഫിസുകളിൽ അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയിരുന്നു.
‘തിങ്ക് ആൻഡ് ലേൺ’ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ‘ബൈജൂസ്’ സഹോദര സ്ഥാപനം രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനും കമ്പനിക്കുമെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (ഫെമ) നിയമപ്രകാരമായിരുന്നു ഇ.ഡി പരിശോധന.