ഫ്ലാറ്റ് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന്; ഷിബു ബേബി ജോണിനെതിരെ കേസ്

news image
Jan 16, 2026, 8:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.

കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ 40 സെന്റ് ഭൂമിയുണ്ട്. സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബുവും കുടുംബവും ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു.

ഫ്ലാറ്റുകൾ നിർമിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാർ. 15 ലക്ഷം രൂപ സ്ഥാപനത്തിന്റെ എം.ഡി മിഥുന്‍ കുരുവിളക്ക് കൈമാറുമ്പോള്‍ ഷിബു ബേബി ജോണും കൂടെയുണ്ടായിരുന്നു എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. 2020ല്‍ രണ്ടു തവണകളായിട്ടാണ് 15 ലക്ഷം രൂപ കൈമാറിയത്. 2022ല്‍ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കിയില്ല. ഷിബു ബേബി ജോണിനെ കൂടി വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ആദ്യം പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും പിന്നീട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്നും ഇയാള്‍ പറയുന്നു. കേസില്‍ നാലാം പ്രതിയാണ് ഷിബു. അതേസമയം, തെര‍ഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ വന്ന കേസായിട്ടേ താന്‍ ഇതിനെ കാണുന്നുള്ളൂവെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ല, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. തെരഞ്ഞെടുപ്പായപ്പോള്‍ കേസുമായി വരുന്നതിനെ ബ്ലാക്മെയിലിങ്ങയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe