ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒ.കെ. ഗംഗാധരൻ പണിക്കർക്ക്; അഞ്ച് പതിറ്റാണ്ടിലെ തെയ്യം കലാസപര്യയ്ക്ക് അംഗീകാരം

news image
Mar 24, 2026, 9:26 am GMT+0000 payyolionline.in

ചോറോട്: കേരള ഫോക്ലോർ അക്കാദമിയുടെ 2024-ലെ അഭിമാനകരമായ “ഗുരുപൂജ” പുരസ്കാരത്തിന് പ്രശസ്ത തെയ്യം കലാകാരൻ ചോറോട് സ്വദേശി ഒ.കെ. ഗംഗാധരൻ പണിക്കർ അർഹനായി. അഞ്ച് പതിറ്റാണ്ടിലേറെയായി തെയ്യം, അനുഷ്ഠാന കലാരംഗത്ത് നൽകിവരുന്ന സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. കടത്തനാടിലെ പ്രശസ്ത തെയ്യം കലാകാരനായിരുന്ന പരേതനായ മുട്ടുങ്ങൽ രാമർകുട്ടി പണിക്കരുടെയും അമ്മാളു അമ്മയുടെയും മകനാണ്.

പതിനൊന്നാം വയസ്സിൽ മുട്ടുങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗുളികൻ വെള്ളാട്ടം കെട്ടിയാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ഗംഗാധരൻ പണിക്കർ, തെയ്യം കെട്ടിയാട്ടത്തിന് പുറമെ ചെണ്ട, കുറുങ്കുഴൽ വാദനം, തോറ്റംപാട്ട്, തെയ്യച്ചമയ നിർമ്മാണം എന്നീ മേഖലകളിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ്. തന്റെ പിതാവ് രാമർകുട്ടി പണിക്കർക്ക് പുറമെ, തെയ്യം കലയിലെ കുലപതികളായ കീഴല്ലൂർ ചന്തു പണിക്കർ, തിരുവള്ളൂർ ചാത്തു പണിക്കർ എന്നിവരിൽ നിന്നാണ് അദ്ദേഹം കലയഭ്യസിച്ചത്.

അൻപത് വർഷത്തിനിടെ ഉത്തരമലബാറിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിലും കാവുകളിലുമായി ഒട്ടനവധി തെയ്യക്കോലങ്ങൾ അദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വസൂരിമാല ഭഗവതിയുടെ തെയ്യം കെട്ടിയാടിയത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. ഗുളികൻ, കുട്ടിച്ചാത്തൻ, ഭദ്രകാളി, വിഷ്ണുമൂർത്തി, അതിരാളൻ തുടങ്ങിയ തെയ്യക്കോലങ്ങളിലൂടെ ഭക്തമനസ്സുകളിൽ അദ്ദേഹം ഇടംപിടിച്ചു.

കലാരംഗത്തെ മികവിന് 2019-ൽ മുട്ടുങ്ങൽ ഭഗവതി ക്ഷേത്ര തന്ത്രിയിൽ നിന്ന് പട്ടും വളയും നൽകി ആചാരപ്പെടുത്തി ആദരിച്ചിരുന്നു. മീത്തലാടത്ത് ഭഗവതി ക്ഷേത്രം, തട്ടാറത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും വിവിധ സാംസ്കാരിക സംഘടനകളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടനയുടെ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ പുതിയ തലമുറയ്ക്ക് കുറുങ്കുഴൽ, തോറ്റംപാട്ട് എന്നിവയിൽ പരിശീലനം നൽകുന്നതിനൊപ്പം വേടൻ പാട്ട്, കാലൻ പാട്ട് തുടങ്ങിയ അനുഷ്ഠാന കർമ്മങ്ങളിലും അദ്ദേഹം സജീവമാണ്. കെ.വി. കമലയാണ് ഭാര്യ. പ്രശസ്ത തെയ്യം കലാകാരനും സംഗീതജ്ഞനുമായ ഒ. ബാലൻ മാസ്റ്റർ ജ്യേഷ്ഠ സഹോദരനാണ്. മക്കൾ: പ്രിയേഷ്, പ്രജീഷ്, പ്രഭാഷ്. മരുമക്കൾ: ശ്രീലയ, സിനുമോൾ, ഷബ്‌ന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe