ദില്ലി: മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട് 8.40 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.
നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.
അതേ സമയം #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്റിംഗ് ആകുന്നുണ്ട്. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് വരുന്നത്. നിരവധി ട്രോളുകളും വരുന്നുണ്ട്.