ഫുട്ബോള്‍ ലോകകപ്പ്: ലോകകപ്പിന്‍റെ മാതൃകയിലുള്ള 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്ത് ഖത്തര്‍

news image
Nov 3, 2022, 9:30 am GMT+0000 payyolionline.in

ദോഹ: ഫുട്ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പ് കിരീടത്തിന്‍റെ 144 വ്യാജ പകര്‍പ്പുകള്‍ പിടിച്ചെടുത്ത് ഖത്തര്‍. സാമ്പത്തിക-സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന ഖത്തര്‍ പോലീസിലെ വിഭാഗമാണ് രാജ്യത്ത് നടത്തിയ പരിശോധനകളില്‍ ലോകകപ്പിന്‍റെ മാതൃകയിലുള്ള 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തത്. ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഇറങ്ങുന്നെണ്ടെങ്കിലും ഇതാദ്യമാണ് ലോകകപ്പിന്‍റെ തന്നെ വ്യാജന്‍മാരെ പിടികൂടുന്നത്.

ലോകകപ്പിന്‍റെ മാതൃകകള്‍ വില്‍പ്പനക്കെന്ന വെബ്സൈറ്റിലെ പരസ്യം കണ്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തത്. എവിടെ നിന്നാണ് വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തതെന്നോ സംഭവത്തില്‍ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജന്‍മാരെ സൂക്ഷിക്കണമെന്ന് ഫിഫയും ഖത്തറും ഈയിടെ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് കാറുകളിലോ നമ്പര്‍ പ്ലേറ്റുകളിലോ ലോകകപ്പ് ലോഗോ പതിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഖത്തര്‍ ജൂണില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകകപ്പിന്‍റെ സ്പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനക്കെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ മാസം ലോകകപ്പ് മാതൃകയിലുള്ള വസ്ത്രങ്ങള്‍ വിറ്റതിന് അഞ്ച് പേരെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ആയിരിക്കും കേസെടുക്കുക.

നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe