കോഴിക്കോട് ∙ ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ ആകെ 1,380 യന്ത്രവൽകൃത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളുമാണ് ഉള്ളതെങ്കിലും പരിശോധനയിൽ കണ്ടെത്തിയത് 746 എണ്ണം മാത്രം. അവശേഷിക്കുന്ന കണ്ടെത്താനായി ഉടമകൾക്ക് നോട്ടിസ് നൽകും. കണക്കു പ്രകാരം 634 എണ്ണം കൂടി കണ്ടെത്തണം. ഉപയോഗിക്കാൻ പറ്റാതെ നശിച്ചു പോയതാണോ എന്നതുൾപ്പെടെ തുടർ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകു. ഇതിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന്റെ രേഖകൾ പ്രകാരമുള്ള ഉടമകൾക്ക് നോട്ടിസ് നൽകുന്നത്. 28ന് അകം നോട്ടിസ് നൽകുമെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ വി.കെ.സുധീർ കിഷൻ പറഞ്ഞു. പരിശോധനയുടെ ഭാഗമായി ചോമ്പാല, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ എന്നീ ഹാർബറുകളിലായി 10 ക്യാംപുകളാണ് നടത്തിയത്.
ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് തുടങ്ങിയവയും മറ്റു രേഖകളുമാണ് പരിശോധിച്ചത്. ട്രോളിങ് നിരോധന സമയമായതിനാൽ യന്ത്രവൽകൃത ബോട്ടുകളുടെ പരിശോധന എളുപ്പമായി. ഈ ബോട്ടുകളിൽ ഏറെയും തുറമുഖത്ത് നിർത്തിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു മുൻപായി ചിലർ ഫിഷറീസ് വകുപ്പിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. തീര സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പ്രധാനമായും പരിശോധന നടത്തിയത്. സർക്കാരിന്റെ കണക്കിൽ ഉള്ളത്ര ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നുണ്ടോ രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ലൈസൻസ് കാലാവധി കഴിഞ്ഞവ പുതുക്കാനും നിർദേശിച്ചു.