പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നല്‍കിയില്ല, മുക്കത്ത് പമ്പ് ജീവനക്കാരെ കൂട്ടമായെത്തി ആക്രമിച്ച് വിദ്യാർത്ഥികൾ

news image
Jun 16, 2023, 4:22 am GMT+0000 payyolionline.in

മുക്കം:  പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. ചികിത്സ തേടി പമ്പ് ജീവനക്കാരനായ ബിജു. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്‍റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിന്‍റെ പശ്ചാത്തലത്തില്‍ കുപ്പിയില്‍ ഇന്ധനം നല്‍കരുതെന്ന് പൊലീസ് പമ്പുടമകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ കുട്ടികള്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി അക്രമിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാര്‍ ആരോപിക്കുന്നത്.

അക്രമത്തില്‍ പമ്പ് ജീവനക്കാരനായ ബിജുവിന്‍റെ തലക്കും കാലിനുമാണ് പരുക്കേറ്റത്. പെട്രോള്‍ പമ്പില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പമ്പുടമകള്‍ പറഞ്ഞു. പെട്രോള്‍ പമ്പുടമയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

മെയ് അവസാനവാരത്തില്‍ ഇരുചക്രവാഹനത്തിലിരുന്ന് ക്യാനില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ അഗ്നിബാധയില്‍ 18കാരി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക ബെംഗളുരുവിലെ തുംകുരുവിലാണ് അമ്മയ്ക്കൊപ്പം ഇരുചക്രവാഹനത്തിലെത്തിയ പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. മോപ്പെഡില്‍ വച്ച ക്യാനിലേക്ക് പെട്രോള്‍ നിറയ്ക്കുന്നതിനിടെ പെട്ടന്നാണ് തീ പടര്‍ന്നത്. പിന്‍ സീറ്റിലിരുന്നതിനാല്‍ പെട്ടന്ന് ഇറങ്ങി ഓടാനാവാതെ വന്നതും ഓടുന്നതിനിടയില്‍ ക്യാനിലെ പെട്രോള്‍ ദേഹത്തേക്ക് വീഴുകയും ചെയ്തതാണ് ഭവ്യയുടെ പൊള്ളല്‍ ഗുരുതരമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe