തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വ വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണിക്കുക. https://school.hscap.kerala.gov.in/index.php/candidate_login/ വഴി പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് പരിശോധിക്കേണ്ടത്. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണ്. 15ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ് ഡെസ്കുകളിലൂടെ ലഭിക്കും.
പത്തൊമ്പതിനാണ് ആദ്യ അലോട്ട്മെന്റ്. 4,59,330 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ആദ്യ അലോട്ട്‌മെന്റിൽ 3,75,000 പേർക്ക് പ്രവേശനം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന് കഴിയും. ഗവ., എയ്‌ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇയിൽ 33,030, അൺ എയ്‌ഡഡ് 54,585 എന്നിങ്ങനെയാണ് സീറ്റുകൾ. മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിച്ച്, അഞ്ചിന് ക്ലാസ് ആരംഭിക്കും.