പ്രിയപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതം

news image
Aug 1, 2024, 8:02 am GMT+0000 payyolionline.in

മുണ്ടക്കൈ: ദുരന്തത്തിന്റെ മൂന്നാം ദിനവും മുണ്ടക്കൈയിൽ രക്ഷാദൗത്യം സജ‌ീവമായി പുരോ​ഗമിക്കുന്നു. കനത്ത മൂടൽ മഞ്ഞ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. വായു, കരസേനകൾക്കൊപ്പം എൻഡിആർഎഫ് കേരള ഫയർഫോഴ്‌സ്, കോസ്റ്റ് ഡാർഡ്, പൊലീസ്, വനംവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം യോജിച്ചുള്ള രക്ഷാപ്രവർത്തനമാണ് ദുരന്തഭൂമിയിൽ നടക്കുന്നത്. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം ഉണ്ടോ എന്നറിയാൽ സ്നിഫർ ഡോ​ഗുകൾ പരിശോധന നടത്തുന്നുണ്ട്. പുഞ്ചിരിമട്ടത്ത് ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല എന്നാണ് സൈന്യം അറിയിക്കുന്നത്.

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർ​ഗമായ ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. പുഴയിലൂടെ ഇറക്കിയാണ് ദുരന്തഭൂമിയിലേക്ക് ഹിറ്റാച്ചിയടക്കം എത്തിച്ചത്. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. ഉരുൾ പൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്. ഇവിടെ ആളുകൾ പെട്ടു പോയിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ഇതിനായി കൂടുതൽ വലിയ വാഹനങ്ങളും യന്ത്രസാമ​ഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. മുണ്ടക്കൈയിലേക്ക് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും എത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ ചൂരൽമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യം സജ്ജമാക്കുന്ന ബെയ്‍ലിപാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇത്തരം പ്രവർത്തനങ്ങളുടെ വേ​ഗം കൂടും.

ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നുണ്ട്. മരണം 270 കടന്നെന്നാണ് അനൗദ്യോ​ഗിക വിവരം. ഇനിയും ഉയരാനാണ് സാധ്യത. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിലൂടെ ഒഴുകിയെത്തിയ നിലയിൽ ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെത്തി. ചാലിയാറിലും തീരത്തും കൂടുതൽ യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe