ന്യൂഡൽഹി ∙ മധ്യപ്രദേശിലുള്ളത് 50% കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്ന് ആരോപിച്ചതിന് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവരെ ഉന്നമിട്ടു കേസ്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടായ എക്സ് (ട്വിറ്റർ) കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്തതായി ഇൻഡോർ പൊലീസ് അറിയിച്ചു. നേതാക്കൾക്കു വേണ്ടി ട്വീറ്റ് ചെയ്യുന്നത് അവരുടെ സ്റ്റാഫ് അംഗങ്ങളാണെന്ന നിഗമനത്തിലാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂവരും എക്സിൽ പങ്കുവച്ച ട്വീറ്റുകൾക്കെതിരെ ഇൻഡോറിലെ ബിജെപി പ്രവർത്തകൻ നിമേഷ് പാഠക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
കഴിഞ്ഞ ദിവസം എക്സിൽ പങ്കുവച്ച ട്വീറ്റിൽ കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ അഴിമതി റെക്കോർഡ് മധ്യപ്രദേശ് തകർത്തുവെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. മധ്യപ്രദേശിൽ കരാറുകാർക്ക് പണം കിട്ടണമെങ്കിൽ 50% സർക്കാരിനു കമ്മിഷൻ കൊടുക്കണമെന്ന് അവരുടെ സംഘടന ഹൈക്കോടതിക്കു കത്തെഴുതിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.