പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിന്റെ ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

news image
Jan 23, 2024, 1:45 pm GMT+0000 payyolionline.in

കൊച്ചി ∙ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനുള്ള ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പിതാവ് തന്നെയാണ് മകളെ പീഡിപ്പിച്ചതെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഹർജി തള്ളുകയാണെന്നും ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2016ലാണ് കേസിനാസ്പദമായ സംഭവം. റസിഡൻഷ്യൽ സ്കൂളിൽ താമസിച്ചു പഠിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി അവധിക്ക് വീട്ടിലെത്തിയപ്പോൾ പിതാവ് പീഡിപ്പിക്കുകയായിരുന്നു. മാതാവ് ജോലിക്കും പെൺകുട്ടിയുടെ നാല് സഹോദരങ്ങൾ‍ പുറത്തു കളിക്കാനും പോയപ്പോഴായിരുന്നു സംഭവം. ഇതിനുശേഷം രണ്ടു തവണ കൂടി പെൺകുട്ടി പീഡനത്തിന് ഇരയാവുകയും ഗർഭിണിയാവുകയും ചെയ്തു.

തുടർന്നാണ് പിതാവ് പിടിയിലാകുന്നത്. പെൺകുട്ടി പിന്നീട് പ്രസവിച്ചു. രക്ത, ഡിഎൻഎ പരിശോധനകൾ നടത്തിയപ്പോഴും പിതാവ് തന്നെയാണ് കുറ്റവാളിയെന്നു വ്യക്തമായെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇരട്ട ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു.

എന്നാൽ ചെറിയ ഒരു കുടിലിൽ വീട്ടിലെ നിരവധിപ്പേർ ഒരുമിച്ചു താമസിക്കുമ്പോൾ ഇത്തരത്തിലൊരു കുറ്റകൃത്യം നടക്കില്ല എന്ന് അവകാശപ്പെട്ടാണ് വിചാരണക്കോടതി വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒരിക്കലും നടക്കാത്തതും അവിശ്വസനീയവുമായ കാര്യം എന്നാണ് പ്രതിയുടെ അഭിഭാഷകൻ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ സംഭവം നടക്കുമ്പോൾ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കുട്ടി ഈ മൊഴിയിൽ ഉറച്ചു നിന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe