‘പ്രസിഡന്‍റ് ആയിരിക്കേ നൽകിയ പിന്തുണക്ക് നന്ദി’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പി.പി. ദിവ്യ

news image
Nov 14, 2024, 9:03 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്ഥാനാർഥി രത്നകുമാരിക് ആശംസകൾ അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് ദിവ്യ ഫെയിസ്ബുക്ക് പോസ്റ്റിൽ പറ‍ഞ്ഞു. പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.

ഭരണസമിതി അഞ്ചാംവർഷത്തിലേക്ക് കടക്കുകയാണെന്നും നാല് വർഷത്തിനുള്ളിൽ കണ്ണൂരിലെ ജനതക്ക് അഭിമാനിക്കാൻ കഴിയുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചതെന്നും ദിവ്യ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ നാല് സംസ്ഥാന അവാർഡുകൾ എന്നിങ്ങനെ പഞ്ചായത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും ദിവ്യ പോസ്റ്റിൽ പറ‍യുന്നു.

കഴിഞ്ഞ മൂന്ന് വർഷവും 10 മാസവും കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ആയിരിക്കവേ തനിക്ക് പിന്തുണ നൽകി കൂടെ നിന്ന ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ എന്നിവർക്ക് ദിവ്യ നന്ദി പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയിൽ കൂടെയുണ്ടാകുമെന്നും ദിവ്യ പറഞ്ഞു.

കണ്ണൂർ എ.ഡി.എമായിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയെ തുടർന്ന് കുറ്റാരോപിതയായ ദിവ്യ രാജിവെച്ചതിനാലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു കെ.കെ രത്നകുമാരി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ ആണ് മത്സരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe