തൊടുപുഴ∙ ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ പിന്നെ അതെന്തു ജനാധിപത്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കുന്നതിനെ ദൗർബല്യമായി കാണരുതെന്ന് സുധാകരൻ മുന്നറിയിപ്പു നൽകി. പ്രതികരിക്കാനുള്ള കരുത്ത് യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും ഉണ്ടെന്നും അതിന്റെ തെളിവാണ് അടി കൊണ്ടിട്ടും പ്രതിഷേധിക്കാൻ ചെറുപ്പക്കാർ കടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
‘‘ജനാധിപത്യസംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ പിന്നെ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏതു മന്ത്രിമാരുടെയും ഏതു ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ്. പ്രതിഷേധിക്കുക സ്വാഭാവികമല്ലേ. ഇവിടെ മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ? കല്ലെറിയാൻ പോയോ? ഇല്ലല്ലോ. കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണ്. അതിനെന്തിനാ സിപിഎമ്മിന്റെ ആളുകൾ ഇത്ര പരാക്രമം കാണിക്കുന്നത്?
‘‘പ്രതിഷേധിക്കാൻ പാടില്ലs. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ സിപിഎം പിണറായി വിജയന്റെ ഏകാധിപത്യ ഭരണപ്രഖ്യാപനം നടത്തി ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചുകൂടേ? ജനാധിപത്യമെന്ന് എന്തിനാ പറയുന്നത്. ലജ്ജയില്ലേ ഇടതുപക്ഷക്കാർക്ക് ഇതു പറയാൻ. രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ വിവരമുള്ള ഏതെങ്കിലും ഒരാൾ ഇതു പറയുമോ, പ്രതിഷേധിക്കാൻ പാടില്ലെന്ന്. പ്രതിഷേധിക്കുകയെന്നാൽ ഗൺമാനും ബോഡിഗാർഡും ഒക്കെ വന്ന് വടിയും ലാത്തിയും കൊണ്ട് അടിച്ച് കുട്ടികളുടെ എല്ലും പൊട്ടിച്ച് ആശുപത്രിയിൽ കിടത്തലാണോ? കെപിസിസി ജനറൽ സെക്രട്ടറി ജോബിന്റെ വീടാണ് ആക്രമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ചാൽ എങ്ങനെയിരിക്കും? എങ്ങനെയായിരിക്കും പ്രതികരണം?
‘സമാധാനം പാലിക്കുന്നത് ഞങ്ങളുടെ ദൗർബല്യമാണെന്ന് കരുതരുത്. പ്രതികരിക്കാനുള്ള കരുത്ത് യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും ഉണ്ട് എന്നതിന്റെ തെളിവാണല്ലോ ഈ അടി കൊണ്ടിട്ടും പ്രതിഷേധിക്കാൻ ചെറുപ്പക്കാർ കടന്നുവരുന്നത്. എന്തുപറഞ്ഞാലും ചെയ്യാൻ തയാറുള്ള ചെറുപ്പക്കാർ ആയിരങ്ങൾ േകാൺഗ്രസിനുണ്ട്. വേണോ വേണ്ടയോ എന്ന് പിണറായി വിജയനു തീരുമാനിക്കാം. വേണം എന്ന് അദ്ദേഹം പറഞ്ഞാൽ ദിവസങ്ങൾകൊണ്ട് ഞങ്ങൾ കാണിച്ചുകൊടുക്കാം ഞങ്ങളുടെ ശൗര്യവും ഞങ്ങളുടെ വീര്യവും. ദുർബലരൊന്നുമല്ല ഞങ്ങൾ.
‘‘പ്രതികരിക്കാൻ സാധിക്കുന്ന ആണത്തമുള്ള ചെറുപ്പക്കാർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ആ ആളുകളെ വച്ചൊക്കെ പ്രതികരിക്കാനും പ്രവർത്തിക്കാനും പത്തു കല്ലെറിയാനുമൊക്കെ ആരു പറഞ്ഞാലും നടക്കും. കല്ലേറ് നടത്തിക്കൂടേ? പിണറായി വിജയനെ എറിഞ്ഞൂകൂടേ? എറിയാൻ സാധിക്കില്ലേ ആർക്കും? ഇനിയൊരു അടി ഞങ്ങളുടെ കുട്ടികള്‍ക്ക് കിട്ടിയാല്‍ അതിന്റെ പ്രതികരണം ഗുരുതരമായിരിക്കും.’’– അദ്ദേഹം പറഞ്ഞു.