മനാമ: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന ബഹ്‌റൈൻ പാർലമെന്റ് കരട് നിയമം ഉപരിസഭയായ ശൂറാ കൗൺസിൽ ഞായറാഴ്‌ച തള്ളി. വിദേശത്തേക്കുള്ള പണമയക്കലിന് രണ്ടു ശതമാനം നികുതിയെന്നായിരുന്നു കരട് നിയമം. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ തലങ്ങളെ ഇത്തരം നിയമം ദോഷകരമായി ബാധിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. കള്ളപ്പണമിടപാട്, കരിഞ്ചന്ത എന്നിവയിലേക്ക് നയിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.
ജനുവരി മൂന്നിനാണ് പാർലമെന്റിന്റെ പ്രതിനിധി സഭയിൽ സർക്കാറിന്റെ ശക്തമായ എതിർപ്പ് മറികടന്ന് എംപിമാർ ബില്ലിന് അംഗീകാരം നൽകിയത്. എന്നാൽ, സ്പീക്കർ ഇത് ശൂറാ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങൾ അടങ്ങിയ പ്രതിനിധി സഭയും 40 അംഗങ്ങൾ അടങ്ങിയ ശൂറാ കൗൺസിലും ചേർന്നതാണ് ബഹ്‌റൈൻ ദേശീയ അസംബ്ലി.