ന്യൂഡൽഹി ∙ മഴക്കെടുതിയിൽ വലയുന്ന ഡൽഹിയിൽ, നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നു മുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് വർധിച്ചതിനെത്തുടർന്ന് വസീരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വസീരാബാദിലെ പ്ലാന്റ് സന്ദർശിച്ചു.
വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. നദിക്ക് അടുത്തു താമസിക്കുന്നവരുടെ ജീവിതം താറുമാറായി. മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും ഞായർ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.