പ്രധാനമന്ത്രി പോളണ്ടിലേക്ക്;യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്ന് മോദി

news image
Aug 21, 2024, 6:19 am GMT+0000 payyolionline.in

ദില്ലി: പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

റഷ്യ, യുക്രെയിൻ സംഘർഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും. റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവർത്തിക്കും.

എന്നാൽ, പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമം മോദിയുടെ അജണ്ടയിലില്ലെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാസം മോദി റഷ്യയിലെത്തിയത് യുക്രെയിൻറെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. 45 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. പോളണ്ട് സന്ദര്‍ശനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി യുക്രെയിനിലേക്ക് പോവുക.  നയതന്ത്ര ബന്ധം ആരംഭിച്ച് 30വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe