ന്യൂഡൽഹി: സംവരണം അട്ടിമറിച്ച് കേന്ദ്രസർവീസുകളിലെ സുപ്രധാന പദവികളിലേക്ക് സ്വകാര്യ മേഖലയിൽനിന്നടക്കം ആളെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിന്മാറി. 24 കേന്ദ്രമന്ത്രാലയങ്ങളിലെ 45 തസ്‌തികകളിലേയ്‌ക്ക് ലാറ്ററൽ എൻട്രി വഴി നിയമനത്തിന് യുപിഎസ്‌സി ശനിയാഴ്‌ച പരസ്യം ചെയ്‌തിരുന്നു. എന്നാൽ വ്യാപക വിമർശനമുയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി, 10 ജോയിന്റ് സെക്രട്ടറി പദവികളിലേയ്‌ക്കായിരുന്നു പിൻവാതിലിൽ നിയമനം. ധനകാര്യം, ഐടി മന്ത്രാലയങ്ങളിലേയ്‌ക്ക് രണ്ടുവീതവും ആഭ്യന്തരം, പരിസ്ഥിതി, ഉരുക്ക്, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം മന്ത്രാലയങ്ങളിലേയ്‌ക്ക് ഓരോ ജോയിന്റ് സെക്രട്ടറിമാരെ നിയമക്കാനായിരുന്നു തീരുമാനം. 35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി പദവികൾ കൃഷി, സഹകരണം, വിദ്യഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിലാണ്.
സ്വകാര്യകമ്പനികൾ, കൺസൾട്ടൻസി, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവയിൽ സമാനതലത്തിൽ 15 വർഷം ജോലി പരിചയമുള്ളവർക്ക് ജോയിന്റ് സെക്രട്ടറിയാകാം. ഡയറക്ടർ തലത്തിൽ 10 വർഷവും ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ ഏഴ് വർഷവും ജോലി പരിചയം മതി എന്നായിരുന്നു തീരുമാനം.
അതേസമയം രണ്ടാം മോദി സർക്കാർ 2018–-19 മുതലാണ് സ്ഥിരംതൊലിൽ വെട്ടിക്കുറച്ച് പിൻവാതിൽ നിയമനം ആരംഭിച്ചത്. ഇതുവരെ 63 നിയമനം നടത്തി.