കൊച്ചി : പ്രണയബന്ധത്തിന്റെ പേരിൽ മകളെ ക്രൂരമായി ഉപദ്രവിച്ച പിതാവ് പിടിയിൽ. എറണാകുളം ആലങ്ങാടാണ് സംഭവം. ഇതര മതത്തിൽപെട്ട സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അച്ഛൻ പതിനാലുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. കമ്പിവടി കൊണ്ട് പെൺകുട്ടിയുടെ ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും വായില്‍ ബലമായി കളനാശിനി ഒഴിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് പിതാവിനെ പിടിച്ചുമാറ്റിയത്.
പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പിതാവ് ബന്ധം തുടരരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സഹപാഠിയുമായി സൗഹൃദം തുടർന്നതിന്റെ വൈരാഗ്യത്തിലാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.