പ്രണയ നൈരാശ്യം; കോഴിക്കോട് ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കൃത്യസമയത്ത് രക്ഷിച്ച് നടക്കാവ് പൊലീസ്

news image
Jan 26, 2026, 3:55 am GMT+0000 payyolionline.in

കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കോഴിക്കോട് ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ കൃത്യസമയത്തെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നടക്കാവ് പൊലീസ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൂത്തുപറമ്പ് സ്വദേശിയായ യുവാവാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സംഭവം പുറത്തുവിട്ടത്.

 

സംഭവം ഇങ്ങനെ:

”കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ല. ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷന്‍ പരിധിയിലാണ്. ഫോട്ടോ, ഫോണ്‍നമ്പര്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അയക്കാം” ഇതായിരുന്നു വെള്ളിയാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിലെ എഎസ്‌ഐ പി. സുനീഷിന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍.

കിട്ടിയ ലൊക്കേഷന്‍ എരഞ്ഞിപ്പാലം, ശാസ്ത്രിനഗര്‍ എന്നുമാത്രം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ഒട്ടേറെ ഹോട്ടല്‍, ഹോസ്റ്റല്‍, ആശുപത്രി എന്നിവയുമുണ്ട്. ആലോചിച്ചുനിന്ന് സമയം കളയേണ്ടാ, ഇറങ്ങുകതന്നെ എന്ന തീരുമാനത്തില്‍ എഎസ്‌ഐയും, സിപിഒ എന്‍. നിഷോബും ഡ്രൈവര്‍ എം. മുഹമ്മദ് ജിഷാദുമെത്തി.

പ്രദേശത്തെത്തി പലസ്ഥലങ്ങളിലും തിരഞ്ഞു. ഹോട്ടലുകള്‍ കയറി ഫോട്ടോ കാണിച്ചന്വേഷിച്ചു. നാട്ടുകാരെയും ഫോട്ടോ കാണിച്ചുനോക്കി. രക്ഷയില്ല. ജീപ്പ് പോകാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലൂടെ നടന്ന് അന്വേഷണം തുടര്‍ന്നു. പല വീടുകളിലും തിരക്കി. എല്ലാവരോടും പറഞ്ഞു, ഇത് പ്രതിയൊന്നുമല്ല, കാണാനില്ലെന്നു മാത്രം. നാട്ടുകാരും തിരച്ചിലിന് ഒപ്പംകൂടി. പോലീസ്സംഘത്തിനുനേരേ നായ ചാടിവീണെങ്കിലും രക്ഷപ്പെട്ടു. എന്നിട്ടും അന്വേഷണം തുടര്‍ന്നു.

നടപ്പ് ഏകദേശം അഞ്ചുകിലോമീറ്ററിലും അധികമായി. ആദ്യംചെന്ന സ്ഥലങ്ങളില്‍ രണ്ടാംറൗണ്ട് ആരംഭിക്കാന്‍ തീരുമാനമായി. ചെന്ന സ്ഥലങ്ങളില്‍ വീണ്ടും ചെന്നു. അങ്ങനെ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലുകാരന്‍ ആളെ തിരിച്ചറിഞ്ഞു. മൂന്നാംനിലയിലെ മുറിയിലേക്ക് സംഘം ഓടിയടുത്തു.

വാതിലില്‍ മുട്ടി, ഇടിച്ചു. പ്രതികരണമില്ല. റൂം ബോയോട് സ്‌പെയര്‍ കീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തുറക്കാന്‍ ശ്രമിച്ചു. നടന്നില്ല. അകത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ട്. കീഹോളിലൂടെ നോക്കി. ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.

പ്രണയ നൈരാശ്യത്തെതുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണ്. ആത്മഹത്യക്കുറിപ്പില്‍ എല്ലാമുണ്ടായിരുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരണനല്‍കുന്ന വാക്കുകള്‍കൊണ്ട് യുവാവിനെ പിന്തിരിപ്പിച്ചു.

യുവാവിന്റെ വീട്ടുകാര്‍ സ്ഥലത്തെത്തി. ജീവിതം ഇനിയുമുണ്ട് ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം തിരികെയയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe