ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രിക ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ചൊവ്വാഴ്ച ചേരും. നീതിക്കായി അഞ്ച് ‘ഉറപ്പുകൾ’ വാഗ്ദാനം ചെയ്യുന്ന കരട് പ്രകടനപത്രികക്ക് യോഗം അംഗീകാരം നൽകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ അവശേഷിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ മാർച്ച് 19, 20 തീയതികളിൽ ചേരും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പൂർത്തിയായ പശ്ചാത്തലത്തിൽ യാത്രയുടെ വിജയം ഇന്നത്തെ പ്രവർത്തക സമിതിയിൽ ചർച്ചയാകും.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നതിനായി ഛത്തീസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിധ് ദിയോ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ശശി തരൂർ, പ്രിയങ്ക ഗാന്ധി എന്നിവരാണ് അംഗങ്ങൾ.
സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ‘ഹിസെദാരി ന്യായ്’ (പങ്കാളിത്ത നീതി), തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ‘ശ്രമിക് ന്യായ്’ (തൊഴിൽ നീതി) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഉറപ്പുകളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.