കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിലുള്ളത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുതൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്.
കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്നത്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ ഏഴും നേടി ചാണ്ടി ഉമ്മന്‍ ആദ്യ ലീഡ് നേടുകയായിരുന്നു.
ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫല സൂചന കിട്ടും. കടുന്ന മത്സരം നടന്ന 2021 പോലും ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം.