കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണർകാട് ഗവ.എൽ.പി.എസിൽ വോട്ടിങ് വൈകിയത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നൽകിയ പരാതിയിലാണ് നടപടി.
നിശ്ചിതസമയം കഴിഞ്ഞ് രണ്ടുമണിക്കൂറോളം പോളിങ് നീണ്ടത് അസാധാരണമാണെന്ന് വ്യക്തമാക്കിയ ചാണ്ടി ഉമ്മൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
സ്കൂളിൽ രാവിലെ തുടങ്ങിയ തിരക്ക് രാത്രി വരെ നീണ്ടിരുന്നു. തിരക്കു മൂലം വോട്ടു ചെയ്യാനെത്തിയവരിൽ പലരും മടങ്ങിപ്പോയതായി കോൺഗ്രസ് പ്രവർത്തകർ ആക്ഷേപമുന്നയിച്ചു. വരി നീണ്ടതിൽ വോട്ടർമാരും പരാതി ഉന്നയിച്ചു.
വിവരമറിഞ്ഞ് ബൂത്ത് സന്ദർശിച്ച ജില്ല കലക്ടർ വി. വിഘ്നേശ്വരിയോടും ഇവർ പരാതി ആവർത്തിച്ചു. സ്വാഭാവികമായുണ്ടായ തിരക്കാണെന്ന് പറഞ്ഞ കലക്ടർ മറ്റ് പ്രശ്നങ്ങളുണ്ടായോ എന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി.
വിവരമറിഞ്ഞ് എൽ.ഡി.എഫ് സഥാനാർഥി ജെയ്ക്ക് സി. തോമസും ബൂത്ത് സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് റിപ്പോർട്ട് തേടിയത്