കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയുടെ പേരും വിലാസവും സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയയാൾ അറസ്റ്റിൽ. നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ കേസിലെ അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയ മലപ്പുറം എ.ആർ നഗർ സ്വദേശി സാബു കൊട്ടോട്ടിയെയാണ് (നവാസ് -40) കസബ പൊലീസ് അറസ്റ്റുചെയ്തത്.
അതിജീവിതയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സാബു കൊട്ടോട്ടി തന്റെ ‘ഡിഫറെൻസ് ആങ്കിൾ’ യൂട്യൂബ് ചാനലിലൂടെയാണ് അതിജീവിതയുടെ പേരും വിവരവും പരസ്യപ്പെടുത്തിയത്. ഇയാൾക്ക് വളയം പൊലീസ് സ്റ്റേഷനിലും സമാന കേസ് നിലവിലുണ്ട്. വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ആർ. ജഗൻ മോഹൻ ദത്തൻ, എ.എസ്.ഐമാരായ പി. സജേഷ് കുമാർ, എം. ഷാലു, എസ്.സി.പി.ഒ മാരായ രാജീവ് കുമാർ പാലത്ത്, ലാൽ സിത്താര എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.