കൊച്ചി: പൊലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് തകർത്തെന്ന കേസിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷെഹിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എസ്.ആർ.എം റോഡിൽവെച്ച് അഭിഭാഷകൻ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം തിരക്കിയതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഈസമയം പൊലീസിനെതിരെ അഭിഭാഷകൻ തട്ടിക്കയറിയെന്നും എസ്.എച്ച്.ഒയുടെ കൈവശമുണ്ടായിരുന്ന വയർലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുതകർത്തെന്നുമാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അതിക്രമം എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ അഭിഭാഷകനെ ജാമ്യത്തിൽവിട്ടു.
അതേസമയം, അഭിഭാഷകന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ എറണാകുളം ബാർ അസോസിയേഷൻ രംഗത്തെത്തി. പൊലീസ് അതിക്രമം ചോദ്യം ചെയ്തതിന് വയർലെസ് തകരാറിലാക്കി എന്ന കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്ന് അവർ വാർത്തക്കുറിപ്പിൽ ആരോപിച്ചു.