പൊലീസ് ഡ്രൈവറുടെ ആത്മഹത്യ: അന്വേഷിക്കും, റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് റൂറൽ എസ് പി 

news image
Oct 5, 2023, 7:51 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. എഎസ്പി കെ. ബിജു മോനെ അന്വേഷണ ചുമതല ഏൽപിച്ചതായും അദ്ദേഹം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്നും എസ് പി വ്യക്തമാക്കി. ഇന്നലെയാണ് കുറിപ്പെഴുതി വെച്ച ശേഷം പൊലീസ് ഡ്രൈവറായ ജോബി ദാസ് ജീവനൊടുക്കിയത്.

 

ജോ​ബി ദാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തൊടുപുഴ ഡിവൈഎസ്പി അറിയിച്ചിരുന്നു. ആത്മഹത്യക്ക് കാരണം മാനസിക സമ്മർദ്ദമാണോ എന്നത് അന്വേഷിച്ചാലേ മനസ്സിലാകൂവെന്നും ഡിവൈഎസ്പി പറഞ്ഞു. വീട്ടിനുള്ളിലാണ് ജോബി ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് മരിച്ച ജോബി ദാസ്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്നു.

 

 

 

സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് ഡിവൈഎസ്പി പ്രതികരണവുമായി രം​ഗത്തെത്തിയത്. ഈ ആത്മഹത്യാകുറിപ്പിൽ പ്രധാനമായും രണ്ടു പൊലീസുകാരുടെ പേരാണ് പരാമർശിച്ചിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൂടാതെ മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും കുറിപ്പിലുണ്ട്. ബോധപൂര്‍വ്വം ഇന്‍ക്രിമെന്‍റ് തടഞ്ഞുവെന്നാണ് കുറിപ്പിലുള്ള പ്രധാന ആരോപണം.

 

അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാർ കുറേകാലമായി മാനസിക സംഘർഷമുണ്ടാക്കുന്നു. പതിനാറോളം ഇൻക്രിമെന്റുകൾ തടഞ്ഞുവെച്ച സാഹചര്യമുണ്ടായി. അതു കൊണ്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. ഇവർ എൻ്റെ ബോഡി കാണാൻ വരരുത്. അഴിമതി നടത്തുന്നവർക്കും കവർച്ച നടത്തുന്നവർക്കും ഇൻക്രിമെന്റ് ഉണ്ട്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇൻക്രിമെന്റ് തടഞ്ഞുവെക്കുകയാണെന്നും ജീവൻ അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe