പൊലീസിൽ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 5 പൊലീസുകാർ; അടിയന്തര ഇടപെടലിന് മനുഷ്യാവകാശ കമ്മിഷൻ

news image
Jun 20, 2024, 4:00 pm GMT+0000 payyolionline.in

കൊച്ചി: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദവും കാരണം പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ഒരാഴ്ചയ്ക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണു പരാതി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണ്. പൊലീസ് സ്റ്റേഷന്റെ ഭരണം സിഐമാർ ഏറ്റെടുത്തതോടെയാണു പ്രശ്നം രൂക്ഷമായത്. എസ്ഐമാർ എസ്എച്ച്ഒമാർ ആയിരുന്നപ്പോൾ പൊലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്.

ആത്മഹത്യ ചെയ്ത പൊലീസുകാർ അച്ചടക്ക നടപടിക്കു വിധേയരായവരാണ്. ഐപിഎസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികളെടുക്കുന്നതെന്നും പരാതിയുണ്ട്. വിഴിഞ്ഞം എസ്ഐ കുരുവിള ജോർജ്, വണ്ടൻമേട് സ്റ്റേഷൻ സിപിഒ എ.ജി.രതീഷ്, കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിലെ മധു, തൃശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ ക്യാംപിലെ ഡ്രൈവർ സുധീഷ് എന്നിവരാണു കഴിഞ്ഞയാഴ്ച ജീവനൊടുക്കിയതെന്നും വാർത്തകൾ ഉദ്ധരിച്ച് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe