പൊതുപണം ചെലവിട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കശ്മീർ യാത്ര; ന്യായീകരിക്കാൻ വാർത്താസമ്മേളനം വിളിച്ച് കുടുങ്ങി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് 

news image
Feb 17, 2024, 6:02 am GMT+0000 payyolionline.in

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ വിവാദമായ കശ്മീർ പര്യടനത്തെ ന്യായീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച്, കുഴപ്പത്തിലായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ്. കശ്മീരിലെ അധികാര വികേന്ദ്രീകരണത്തെപ്പറ്റി പഠിക്കാനാണ് പോയതെന്നും അവിടെ ചെന്നപ്പോഴാണ് കശ്മീരിൽ നിന്നും ഒന്നും പഠിക്കാനില്ലെന്ന് മനസിലായതെന്നും പ്രസിഡന്റ് കെ.ജി രാജേശ്വരി. പഠന യാത്രയെന്ന പേരിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ കശ്മീർ യാത്രയെ ഓഡിറ്റ് റിപ്പോർട്ടില്‍ നിശിതമായി കുറ്റപ്പെടുത്തിയിരുന്നു.

 

2022 നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ 20 അംഗങ്ങളും 5 ഉദ്യോഗസ്ഥരും നികുതിപ്പണം ചെലവിട്ട് കശ്മീരിലേയ്ക്ക് യാത്ര നടത്തിയത്. കില നൽകിയ പണത്തിന് പുറമെ പഞ്ചായത്തിന്റെ പൊതു ഗ്രാന്റ് കൂടി വിനിയോഗിച്ചായിരുന്നു യാത്ര. കശ്മീരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള പഠനയാത്ര എന്നായിരുന്നു വിശദീകരണം. എന്നാൽ അവിടെ ചെന്നപ്പോഴാണ് കശ്മീരിൽ നിന്നും ഒന്നും പഠിക്കാനില്ലെന്ന് മനസിലായതെന്നും പ്രസിഡന്റ് കെ.ജി രാജേശ്വരി പറഞ്ഞു.

 

ട്രെയിനിൽ പോകാന്‍മാത്രമാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും വിമാനത്തിലായിരുന്നു യാത്ര. പ്രായമായവര്‍ക്ക് ദീര്‍ഘനേരെ ട്രെയിനില്‍ ഇരിക്കാന്‍ കഴിയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനായി സര്‍ക്കാരിന്‍റെ അനുമതിയും വാങ്ങിയില്ല. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ ഇതേക്കുറിച്ച് വന്‍ വിമര്‍ശനവും ഉയര്‍ന്നു. കശ്മീര്‍ പര്യടനം കൊണ്ട് നാടിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്ന ചോദ്യത്തിന് ഒരു പഞ്ചായത്ത് അംഗത്തിന്‍റെ വാർഡിൽ കുട്ടവഞ്ചി സവാരി തുടങ്ങാൻ തീരുമാനിച്ചെന്നായിരുന്നു മറുപടി.

 

കശ്മീര് വിവാദം നിലനിൽക്കേ അടുത്തകാലത്ത് മറ്റൊരു യാത്ര കൂടി പഞ്ചായത്ത് അംഗങ്ങൾ നടത്തി. കഴിഞ്ഞ ഏഴാം തീയ്യതി ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ 17 ജില്ലാ പഞ്ചായത്തംഗങ്ങളും 5 ഉദ്യോഗസ്ഥരും കൂടി രാജസ്ഥാനിലേയ്ക്കായിരുന്നു യാത്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe