പേവിഷ പ്രതിരോധത്തിനുള്ള വാക്സീൻ സംഭരണം: അധിക വിലയ്ക്കു വാങ്ങാൻ മന്ത്രിസഭ അനുമതി ഇല്ല

news image
Oct 25, 2023, 3:51 am GMT+0000 payyolionline.in

കോഴിക്കോട് ∙ പേവിഷ പ്രതിരോധത്തിനുള്ള ഇക്വീൻ ആന്റി റേബീസ് വാക്സീൻ സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനു ശേഷം പർച്ചേസ് ഓർഡർ നൽകിയെങ്കിലും മന്ത്രിസഭ അനുമതി നൽകിയില്ല. ഉയർന്ന വിലയ്ക്ക് വാക്സീൻ സംഭരിക്കേണ്ടി വന്ന സാഹചര്യം വ്യക്തമാക്കണമെന്ന ധനവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാണു കഴിഞ്ഞ മന്ത്രിസഭായോഗം ‘സാധൂകരണ’ തീരുമാനം മാറ്റിവച്ചത്. നേരിയ ആശയക്കുഴപ്പം സംഭവിച്ചതാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഹരിക്കുമെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ വയ്‌ലിനു 112 രൂപ അധികമായതിനാൽ സംഭരണ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നു കെഎംഎസ്‌സിഎൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. ഇതു പ്രകാരം ധന വകുപ്പിലേക്കു ഫയൽ അയച്ചെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടയിലാണ് കെഎംഎസ്‌സിഎൽ 1,12,500 വയ്‌ൽ വാക്സീൻ സംഭരിക്കാനുള്ള ഓർഡർ നൽകിയത്. ഒന്നിന് 264.60 രൂപ വീതം മൊത്തം 2.97 കോടിയുടെ ഓർഡർ, സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് സാധൂകരിക്കാം എന്ന അഭിപ്രായത്തോടെയാണു കെഎംഎസ്‌സിഎൽ അധികൃതർ നടപടികൾ കൈക്കൊണ്ടത്.

 

എന്നാൽ, വില കൂടുതലാണെന്ന് ഒരിക്കൽ നിലപാടെടുത്ത കെഎംഎസ്‌സിഎൽ എന്ത് അടിസ്ഥാനത്തിലാണ് ഓർഡർ നൽകിയത് എന്ന ചോദ്യം ധനവകുപ്പ് ഉന്നയിച്ചു. അതോടെ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു. മറ്റു സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്തെന്നും കേരളത്തിന് അടിസ്ഥാന വിലയ്ക്കാണു ലഭിക്കുന്നതെന്നുമാണു കെഎംഎസ്‌സിഎലിന്റെ ഇപ്പോഴത്തെ നിലപാട്. ഇതനുസരിച്ചു വീണ്ടും ധനവകുപ്പിന്റെ അഭിപ്രായത്തോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു ഫയൽ എത്തുമെന്നാണു വിവരം.

കഴിഞ്ഞ വർഷം ഒക്ടോബർ 22നാണു മരുന്നു സംഭരണത്തിനു ടെൻഡർ ക്ഷണിച്ചത്. നടപടികൾ ഇഴഞ്ഞു നീങ്ങിയതോടെ വാക്സീന് കടുത്ത ക്ഷാമം നേരിട്ടു.

അതോടെ ടെൻഡർ മാറ്റിവച്ച് ‘കാരുണ്യ’ ഫാർമസി വഴി മൊത്തം ഓർഡറിന്റെ 30% സംഭരിക്കാൻ തീരുമാനിച്ചു. 96200 വയ്‌ൽ അങ്ങനെ വാങ്ങിയിരുന്നു. അതും തീരാറായതോടെയാണു ടെൻഡർ പ്രകാരമുള്ള 1.12 ലക്ഷം വയ്‌ലിനു പർച്ചേസ് ഓർഡർ നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe