പെൻഷൻ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതായി ഗവർണർ; 5 മാസമായി കുടിശിക

news image
Jan 25, 2024, 10:59 am GMT+0000 payyolionline.in

തിരുവനന്തപുരം: ദരിദ്രരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു എന്നാണ് ഗവർണറുടെ നയപ്രഖ്യാപനത്തിലുള്ളത്. പെൻഷൻ 5 മാസമായി കുടിശികയാണ്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. 50 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകാനായി പ്രതിമാസം 900 കോടി രൂപ വേണം. പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യയുമുണ്ടായി. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചയെടുത്ത് പ്രതിഷേധിച്ച ഇടുക്കി സ്വദേശി മറിയക്കുട്ടിയെന്ന വയോധികയുടെ സമരമാർഗം ചർച്ചയായി.

 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതിയായ പെൻഷൻ പദ്ധതിയിൽ സെപ്റ്റംബർ മുതൽ കുടിശിക വന്നത്. കേന്ദ്ര സർക്കാർ നയങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ധനവകുപ്പ് പറയുന്നു. പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. ടി.എം.തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ 1500 രൂപ 1600 രൂപയാക്കി ഉയർത്തി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം പെൻഷൻ തുക വർധിപ്പിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ പെൻഷൻ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനുള്ള ചർച്ചകൾ നടക്കുന്നു. കുടിശിക തുക ഘട്ടംഘട്ടമായി നൽകുന്നതിനുള്ള ശ്രമവും നടക്കുന്നു. പെൻഷൻ തുക കണ്ടെത്താൻ ഇന്ധന സെസ് ഏർപ്പെടുത്തിയെങ്കിലും ആ തുക പര്യപ്തമല്ല.

 

അഞ്ചു മാസമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നാണ് ധനവകുപ്പിന്റെ വാദം. ഓണത്തിന്റെ ഭാഗമായി ഓഗസ്റ്റിൽ രണ്ടു മാസത്തെ പെൻഷൻ 3200 രൂപ വീതം വിതരണം ചെയ്‌തു. നവംബറിൽ ഒരു മാസത്തെ പെൻഷൻ നൽകി. ഡിസംബറിൽ ക്രിസ്‌മസിനോട്‌ അനുബന്ധിച്ചും ഒരു മാസത്തെ പെൻഷൻ നൽകി. മുൻ മാസങ്ങളിലെ കുടിശികയാണ് ഇങ്ങനെ നൽകിയത്. ഓരോ മാസവും അവസാനം പെൻഷൻ നൽകാൻ ധനസ്ഥിതി അനുവദിക്കുന്നില്ല.

യുഡിഎഫ്‌ സർക്കാർ അഞ്ചു വർഷത്തിൽ പെൻഷനായി ആകെ നൽകിയത്‌ 9011 കോടി രൂപയാണെന്നും ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ നൽകിയെന്നും ധനവകുപ്പ് പറയുന്നു. ഈ സർക്കാർ രണ്ടര വർഷത്തിൽ നൽകിയത്‌ 23,958 കോടി രൂപ. തുടർഭരണത്തിൽ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിൽ നൽകിയത്‌ 59,112 കോടി രൂപ. ക്ഷേമ പെൻഷൻ പ്രതിമാസം വിതരണം ചെയ്യുന്നത്‌ ഉറപ്പാക്കാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി രൂപീകരിച്ചിരുന്നു.

 

സഹകരണ സംഘങ്ങളുടെ കൺസോർഷ്യം അടക്കം പെൻഷൻ കമ്പനിക്ക്‌ ആവശ്യമായ പണം ലഭ്യമാക്കുകയും, സർക്കാരിന്‌ പണം ലഭിക്കുന്ന മുറയ്‌ക്ക്‌ പെൻഷൻ കമ്പനിക്ക്‌ പണം തിരികെ നൽകാനുമായിരുന്നു പദ്ധതി. പെൻഷൻ കമ്പനി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പിൽനിന്ന്‌ കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും കേന്ദ്ര സർക്കാർ വിഹിതങ്ങളിൽവന്ന 57,400 കോടി രൂപയുടെ കുറവും വരുമാനത്തെ ബാധിച്ചതായി ധനവകുപ്പ് പറയുന്നു. എന്നാൽ, സാമ്പത്തിക അച്ചടക്കം പാലിക്കാത്തതും നികുതിപിരിവ് കാര്യക്ഷമമാക്കാത്തതും പ്രതിസന്ധിയുടെ കാരണമായി പ്രതിപക്ഷം ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe