ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ആശ്രമത്തിൽ തന്റെ രണ്ട് പെൺമക്കളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തു എന്ന പിതാവിന്റെ ആരോപണത്തെ തുടർന്ന് ആത്മീയ നേതാവ് ജഗ്ഗി വാസുദേവ് നയിക്കുന്ന ഇഷ ഫൗണ്ടേഷനെതിരായ കേസ് സുപ്രീംകോടതി തള്ളി. തമിഴ്‌നാട് കാർഷിക സർവകലാശാല അധ്യാപകനായിരുന്ന എസ്. കാമരാജാണ് ഇഷ ഫൗണ്ടേഷനെതിരെ പരാതി നൽകിയത്.
ആരോപണങ്ങളിൽ പോലീസ് അന്വേഷണത്തിന് നേരത്തേ ഉത്തരവിട്ട മദ്രാസ് ഹൈകോടതിയെ ‘അനുചിത’മെന്ന് പരാമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് തള്ളുകയായിരുന്നു. പെൺമക്കളായ ഗീതയും ലതയും പ്രായപൂർത്തിയായവരാണെന്നും അവർ സ്വമേധയാ ആശ്രമത്തിൽ താമസിക്കാൻ തീരുമാനിച്ചവരാണെന്നും കോടതി വിധിയിൽ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി ഈ കേസിൽ മാത്രമാണെന്നും ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഭാവി നടപടികളെ തടയുന്നില്ലെന്നും കോടതി പറഞ്ഞു. അവർ ആശ്രമത്തിൽ ചേരുമ്പോൾ 27ഉം 24ഉം വയസ്സായിരുന്നു എന്നും കോടതിയിൽ ഹാജരാവുക വഴി ഹേബിയസ് കോർപ്പസ് ഹരജിയുടെ ലക്ഷ്യം നിറവേറ്റപ്പെട്ടുവെന്നും സുപ്രീംകോടതി പറഞ്ഞു.
ആളുകളേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ ഇത്തരം നടപടികൾ ഉപയോഗിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. മദ്രാസ് ഹൈകോടതിയുടെ നിർദേശത്തെ തുടർന്ന് ഇഷ ഫൗണ്ടേഷനിൽ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. ഇപ്പോൾ 42ഉം 39ഉം വയസ്സുള്ള സ്ത്രീകൾ സ്വമേധയാ ആശ്രമത്തിൽ താമസിക്കുന്നവരാണെന്ന് ഇഷ ഫൗണ്ടേഷൻ പറഞ്ഞു. താനും സഹോദരിയും സ്വമേധയാ ആശ്രമത്തിലെ താമസം തെരഞ്ഞെടുത്തുവെന്നും പിതാവ് എട്ട് വർഷമായി തങ്ങളെ ഉപദ്രവിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
ഇഷ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി ഹാജരായി. പ്രായപൂർത്തിയായ പെൺമക്കളുടെ ജീവിതം ‘നിയന്ത്രിക്കാൻ’ കഴിയില്ലെന്ന് കോടതി പിതാവിനെ അറിയിച്ചു. നിയമനടപടികൾക്കു പകരം പെൺകുട്ടികളുടെ വിശ്വാസം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിതാവിനെ കോടതി ഉപദേശിക്കുകയും ചെയ്തു.