പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

news image
Jul 18, 2024, 4:34 pm GMT+0000 payyolionline.in

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതികളുടെ മാനസിക ജയിൽ പെരുമാറ്റ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടിസ് അയച്ചു.

നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമറുൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ  ബി.ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തു. പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി തൃശൂർ മെഡിക്കൽ കോളേജിനോട് നിർദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിയൂർ ജയിൽ അധികൃതരോടും കോടതി നിർദ്ദേശം നൽകി.

സുപ്രീം കോടതി ശിക്ഷ കുറയ്ക്കാൻ കാരണങ്ങളുണ്ടെങ്കിൽ അത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജയിലിൽ എത്തി പ്രതിയെ കണ്ട് സംസാരിച്ച് വിവരങ്ങൾ കോടതിയെ സമർപ്പിക്കാൻ  Project 39A എന്ന സംഘടനയിലെ നൂരിയ അൻസാരിയെ കോടതി നിയോഗിച്ചു. ആവശ്യമെങ്കിൽ ഇവർക്ക് പരിഭാഷയ്ക്കായി ഒപ്പം ഒരാളെ കൂടി ഉൾപ്പെടുത്താം.

നൂരിയ അൻസാരിയും പ്രതിയും തമ്മിൽ സംഭാഷണം നടത്തുമ്പോൾ ജയിൽ അധികൃതരോ മറ്റു ഉദ്യോഗസ്ഥരോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ഇത് ശബ്ദ റെക്കോർഡ് ചെയ്യണം. മെഡിക്കൽ രേഖകൾ, ജയിൽ പെരുമാറ്റം, ഏറ്റെടുക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ, തൊഴിൽ അല്ലെങ്കിൽ തൊഴിൽ അവസരങ്ങളുടെ സർട്ടിഫിക്കറ്റുകൾ മുതലായവയും അപേക്ഷകനെ സംബന്ധിച്ച രേഖകളും പരിശോധിക്കാനും നൂരിയ അൻസാരിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി.

എട്ട് ആഴ്ചയ്ക്കുള്ളിൽ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. പ്രതിക്ക് വേണ്ടി ദില്ലി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നൽകിയത്. 2016 ഏപ്രില്‍ 28നായിരുന്നു  നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe