ചെന്നൈ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഡി.എം.കെ ആവശ്യപ്പെട്ടു. ‘ഇൻഡ്യ മുന്നണി ഹിന്ദുക്കളെ അപമാനിക്കുന്നു’ എന്ന മോദിയുടെ വിവാദ പരാമർശത്തിനെതിരെയാണ് പരാതി.
“ഇൻഡ്യ സഖ്യം ബോധപൂർവം ഹിന്ദുമതത്തെ ആവർത്തിച്ച് അപമാനിക്കുകയാണ്. അവർ ഹിന്ദുമതത്തിനെതിരായ ചിന്ത വളർത്തുകയാണ്. മറ്റ് മതങ്ങൾക്കെതിരെ അവർ സംസാരിക്കില്ല. എന്നാൽ, അവസരം കിട്ടുമ്പോഴെല്ലാം ഒരു നിമിഷം പോലും പാഴാക്കാതെ ഹിന്ദുമതത്തെ അവഹേളിക്കുന്നു. നമുക്ക് ഇത് എങ്ങനെ സഹിക്കും? ഞങ്ങൾ ഇത് എങ്ങനെ അനുവദിക്കും?” -എന്നായിരുന്നു കോയമ്പത്തൂരിൽ മോദി നടത്തിയ പ്രസംഗം.
ഇതിനെതിരെ ഇന്നലെയാണ് ഡി.എം.കെ ഓർഗനൈസേഷൻ സെക്രട്ടറി ആർ.എസ്. ഭാരതി മാർച്ച് 21ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്നാട്ടിലെത്തിയേപ്പാഴായിരുന്നു മോദിയുടെ പ്രസംഗം. ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും കടുത്ത ലംഘനമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.