പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ നിയമനം തടയുന്നു; കാലാവധി തീരാറായ പി.എസ്.സി റാങ്ക് പട്ടികകളിലെ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

news image
Mar 28, 2026, 7:28 am GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ വിവിധ സർക്കാർ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതോടെ കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് പട്ടികകളിലെ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിൽ. വനിതാ സിവിൽ പോലീസ് ഓഫീസർ (WCPO), എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തുടങ്ങി നിരവധി പട്ടികകളുടെ കാലാവധിയാണ് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നത്. ഇതിൽ വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ഇനി വെറും 10 പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ആകെ 376 പേരുള്ള വനിതാ സിവിൽ പോലീസ് ഓഫീസർ പട്ടികയിൽ നിന്ന് ഇതുവരെ 190 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ബാക്കിയുള്ളവർ നിയമനം കാത്തിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് തിരിച്ചടിയാകുന്നത്. സ്ഥാനക്കയറ്റം വഴി വകുപ്പിൽ നിലവിൽ 35 ഒഴിവുകൾ ലഭ്യമാണെന്ന് ഉദ്യോഗാർത്ഥികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന കാരണം പറഞ്ഞ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല.

നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനത്തിനോ സാധാരണ നിലയിലുള്ള സ്ഥാനക്കയറ്റത്തിനോ പെരുമാറ്റച്ചട്ടം തടസ്സമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് മനഃപൂർവമാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പി.എസ്.സി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും തടസ്സമില്ലെന്ന് കമ്മീഷൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ, വകുപ്പുകൾ കാണിക്കുന്ന ഈ അലംഭാവം നീതികേടാണെന്ന് പരാതിപ്പെട്ട് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് തങ്ങളുടെ തൊഴിൽ സാധ്യത ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe