പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ടറി അടക്കം രണ്ടു പേർക്കെതിരെ കേസ്

news image
Jan 15, 2025, 2:49 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ വിധിക്കെതിരെ ഫേസ്​ ബുക്കിൽ ഉൾപ്പെടെ പോസ്റ്റിട്ടെന്ന പരാതിയിൽ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ഉദുമ സ്വദേശി അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

2019 ജുലൈ 17ന് കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കേസിൽ എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ മാസം 28ന് വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖിൽ വാട്സാപ്പിലൂടെയും മരിച്ചവരെ കുറിച്ച് അപകീർത്തിയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടെന്നാണ് കേസ്.

കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്‍റെ പിതാവ് പി.വി. കൃഷ്ണനും നൽകിയ പരാതിയിലാണ് കേസ്. ഇരുവരും ജില്ല പൊലീസ്​ മേധാവിക്കാണ് പരാതി നൽകിയത്. പരാതിയിൽ ബേക്കൽ പൊലീസ് ഹോസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും കോടതിയുടെ അനുമതിയോട് കൂടി ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയുമായിരുന്നു.

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, മുൻ എം.എൽ.എ അടക്കം കേസിലെ മറ്റ് നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും ജഡ്ജി എൻ. ശേഷാദ്രിനാഥൻ വിധിച്ചു.

ഒന്നുമുതൽ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരൻ, പീതാംബരന്‍റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തിൽ സജി സി. ജോർജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടിൽ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനിൽകുമാർ, പെരിയ കല്ലിയോട്ട് വീട്ടിൽ ജിജിൻ, പെരിയ പ്ലാക്കത്തൊടിയിൽ വീട്ടിൽ ശ്രീരാഗ്, മലങ്കാട് വീട്ടിൽ എ. അശ്വിൻ, പുളിക്കൽ വീട്ടിൽ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കൽ വീട്ടിൽ രഞ്ജിത്, കള്ളിയോട്ട് വീട്ടിൽ എ. സുരേന്ദ്രൻ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ.

കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠൻ, ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, പാക്കം കിഴക്കേ വീട്ടിൽ രാഘവൻ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. കെ.വി. കുഞ്ഞിരാമൻ അടക്കം നാലു പേരുടെ ശിക്ഷ ഹൈകോടതി താൽകാലികമായി മരവിപ്പിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe