കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. ഇവർ അഞ്ച് പേരും കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഉണ്ടായിരുന്നത്.
എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേയ്ക്ക് പരോൾ അനുവദിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇവർ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോൾ ലഭിക്കുന്നത്. നേരത്തെ കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ തന്നെ പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു. മുൻപ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിൽ ഇത്തവണ പരോൾ വ്യവസ്ഥയിൽ അതില്ല. അതേസമയം, പ്രതികൾ നാട്ടിലെത്തിയാൽ സംഘർഷ സാധ്യതയുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട് അവഗണിച്ച് ജയിൽ ഉപദേശക സമിതി പ്രതികൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകി എന്ന ആക്ഷേപവും ഇതിനകം ഉയർന്നിട്ടുണ്ട്.
