പെരിയാർ മലിനീകരണം ; വ്യവസായസ്ഥാപനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട്‌ ഹെെക്കോടതി

news image
Jul 4, 2024, 7:34 am GMT+0000 payyolionline.in

കൊച്ചി: പെരിയാർ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക കൈമാറണമെന്നും ഏലൂർ, കുഴിക്കണ്ടം മേഖലയിലെ ആരോഗ്യസർവേ സംബന്ധിച്ച് മൂന്നാഴ്ചയ്‌ക്കകം നിലപാട്‌ അറിയിക്കണമെന്നും ഹൈക്കോടതി. പെരിയാറിലെ മലിനീകരണത്തിന് പരിഹാരം തേടി എറണാകുളം സ്വദേശി കെ എസ് ആർ മേനോൻ അടക്കം നൽകിയ ഹർജികൾ പരിഗണിച്ചാണ്‌ കോടതിയുടെ നിർദേശം.

എൻഒസി നൽകിയ സ്ഥാപനങ്ങളുടെയടക്കം പട്ടിക നൽകാൻ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മലിനീകരണ നിയന്ത്രണബോർഡിന് നിർദേശം നൽകി. ഏലൂർ മേഖലയിൽ 2008ൽ ആരോഗ്യസർവേ നടത്തിയിരുന്നു. ഇതിനുശേഷം സർവേ നടന്നിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മലിനീകരണം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യസർവേ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

പെരിയാറിൽ മീനുകൾ ചത്തൊടുങ്ങിയത്‌ സംബന്ധിച്ച്‌ പഠിക്കാൻ കേന്ദ്ര–സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് മേധാവികളെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി സ്ഥലം സന്ദർശിക്കുമെന്ന്‌ കോടതിയെ അറിയിച്ചു. ഹർജി മൂന്നാഴ്ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe