പെരിന്തൽമണ്ണ: പാതിവില ഓഫറിൽ പണം തട്ടിയെടുത്ത സംഭവങ്ങളിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയാൽ ക്രൈംബ്രാഞ്ചിന് കൈമാറും. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷനിൽ പെരിന്തൽമണ്ണയിലെ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ 1.8 കോടി രൂപയും അങ്ങാടിപ്പുറത്തെ കെ.എസ്.എസ് എന്ന കർഷക സംഘടന 34 ലക്ഷം രൂപയും പിരിച്ചെടുത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് പെരിന്തൽമണ്ണയിലെ പ്രധാനപ്പെട്ട രണ്ടു പരാതികൾ. പണം പിരിച്ചുനൽകിയ സന്നദ്ധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ട്. മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി പണമടച്ചവരാണ് പെരിന്തൽമണ്ണയിൽ കബളിപ്പിക്കപ്പെട്ടവരിലേറെയും.
മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി നജീബ് കാന്തപുരം എം.എൽ.എയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പണം കൈപ്പറ്റിയ സന്നദ്ധ സംഘടന ഭാരവാഹികളെന്ന നിലയിൽ എം.എൽ.എക്ക് എതിരെയും കേസെടുത്തിരുന്നു. എന്നാൽ, പണം തിരികെ ലഭിച്ചതിനാൽ എം.എൽ.എക്കെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരിയായ വിദ്യാർഥിനി പൊലീസിൽ അപേക്ഷ നൽകിയിട്ടുണ്ട്.
അങ്ങാടിപ്പുറത്തെ കെ.എസ്.എസിന്റെ പരാതിയിലാണ് എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാർ, സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവരുടെയും എൻ.ജി.ഒ നാഷനൽ കോൺഫെഡറേഷൻ രക്ഷാധികാരിയെന്ന് കാണിച്ച് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെയും പേരിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ഈ പരാതിയിലും പൊലീസ് സന്നദ്ധ സംഘടനയെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് പ്രാഥമികമായി അന്വേഷണം നടത്തി. സംഘടനയുടെ 11 എക്സിക്യൂട്ടിവ് അംഗങ്ങളെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ചുവരുത്തിയാണ് വിശദാംശങ്ങൾ ശേഖരിച്ചത്. റിട്ട. ജസ്റ്റിസിനെതിരെ കേസെടുക്കാനുണ്ടായ സാഹചര്യം പെരിന്തൽമണ്ണ പൊലീസ് പ്രാഥമികമായി നേരത്തേ ജില്ല പൊലീസ് സൂപ്രണ്ട് വഴി ഉത്തരമേഖല ഐ.ജിയെ ബോധിപ്പിച്ചിരുന്നു. പ്രതിചേർക്കാനുണ്ടായ സാഹചര്യം സംസ്ഥാന പൊലീസ് മേധാവി വീണ്ടും ജില്ല പൊലീസ് മേധാവിയോട് തേടിയിട്ടുണ്ട്.
നിലമ്പൂരിലെ കേസുകളും ക്രൈംബ്രാഞ്ചിന്
വീണ്ടും പരാതികൾ
നിലമ്പൂർ: പകുതി വിലക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് നടത്തിയ സംഭവത്തിൽ നിലമ്പൂർ പൊലീസ് എടുത്ത കേസുകൾ അടുത്ത ദിവസം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു. മൊത്തം 162 പരാതികളാണ് നിലമ്പൂരിൽ ലഭിച്ചത്. ഈ പരാതികളെല്ലാം നിലമ്പൂർ ഓസ് വാൾഡ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിനോയ് പാട്ടത്തിലിനെതിരെയാണ്. ഇടനിലക്കാരനായി നിന്ന ഇയാൾ കൈവശമാണ് പരാതിക്കാർ പണം നൽകിയത്. ഇയാളുടെ നിലമ്പൂരിലെ ഓഫിസ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
ഇതു കൂടാതെ ജെ.എസ്.എസ് നൽകിയ 40 ലക്ഷത്തിന്റെ തട്ടിപ്പ് പരാതിയും നിലമ്പൂരിൽ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ സൂത്രധാരൻ മൂവാറ്റുപുഴ തൊടുപുഴ ചുരംകുളങ്ങര അനന്തു കൃഷ്ണനാണ് ജെ.എസ്.എസ് നേരിട്ട് പണം നൽകിയത്. ഇരുവർക്കുമെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകൾ അടുത്ത ദിവസം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു.