പുളിയാവ് പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു: നടുക്കം മാറാതെ നാദാപുരം

news image
Apr 12, 2026, 3:41 am GMT+0000 payyolionline.in

മയ്യഴിപ്പുഴയുടെ ഭാഗമായ പുളിയാവ് പുഴയിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചതിന്റെ ആഘാതത്തിലാണ് നാദാപുരം പ്രദേശം. വേവം ചേത്തക്കോട്ട് അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അൻസാറിന്റെ സഹോദരൻ ഹനീഫയുടെ മകൾ ഹെസ മറിയം എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

​പുഴയിൽ അലക്കാനായി എത്തിയതായിരുന്നു സുഹാദ. ഇതിനിടെ വെള്ളത്തിൽ വീണ ഹെസ മറിയത്തെ രക്ഷിക്കാൻ സുഹാദ പുഴയിലേക്ക് ഇറങ്ങുകയും കയത്തിൽപ്പെടുകയുമായിരുന്നു. ഇവരെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ അൻസാറും ചെളിയിൽ താഴ്ന്നുപോയി. മൂവരെയും ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവമറിഞ്ഞ് വടകര എംപി ഷാഫി പറമ്പിൽ, എംഎൽഎമാരായ എം.കെ മുനീർ, ഇ.കെ വിജയൻ തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക നേതാക്കളും നൂറുകണക്കിന് നാട്ടുകാരും ആശുപത്രിയിൽ തടിച്ചുകൂടി. നാദാപുരം സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പാറാക്കടവ് വലിയ ജമാഅത്ത് പള്ളിയിൽ കബറടക്കം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe