പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്ന് ഉത്തരവ്

news image
Sep 4, 2023, 6:16 am GMT+0000 payyolionline.in

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന  വോട്ടർമാർക്ക്  വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണറുടെ ഉത്തരവ്.

അതേസമയം അവധി അനുവദിക്കുന്നതിലൂടെ തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഉണ്ടാവാന്‍ ഇടയാവുമെങ്കില്‍ അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി  ചെയ്യുന്ന  വോട്ടർമാർക്ക് അതേ ദിവസം മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന്  തൊഴിലുടമ വേതനത്തോട് കൂടി പ്രത്യേക അവധി നൽകണമെന്നും ഉത്തരവായിട്ടുണ്ട്.   ഐ.ടി, പ്ലാന്റേഷൻ തുടങ്ങിയ മേഖലകൾ  ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മിഷണർ അറിയിച്ചു .

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.

പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe