പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ലഭിച്ചത് 10 നാമനിർദ്ദേശ പത്രികകൾ, ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല

news image
Aug 17, 2023, 1:08 pm GMT+0000 payyolionline.in

കോട്ടയം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക്  മൂന്നാം അങ്കത്തിനായാണ്  ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe