പുതിയ വൈറസ്‌ ബാധകൾക്കുള്ള വാക്‌സിൻ ഒരുക്കാൻ ഐഎവി

news image
Sep 28, 2022, 6:24 am GMT+0000 payyolionline.in

തിരുവനന്തപുരം: പുതിയ വൈറസ്‌ ബാധകൾക്കുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിക്കാൻ തോന്നയ്‌ക്കൽ സയൻസ്‌ പാർക്ക്‌. സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ്‌ പാർക്കായ തോന്നയ്‌ക്കലിലെ ‘ബയോ 360′ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) ലാബാണ്‌ ഗവേഷണത്തിന്‌ തയ്യാറായത്‌. പുതിയ വൈറസുകളുടെ സ്വഭാവം പഠിച്ചാകും പ്രവർത്തനം. മോണോക്ലോണൽ ആന്റിബോഡിയും വികസിപ്പിക്കും.

 

വൈറൽ രോഗങ്ങളെപ്പറ്റി കൂടുതൽ പഠിക്കാനും ആന്റി വൈറൽ കോമ്പൗണ്ടുകൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകുമെന്ന്‌ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മോഹനൻ വലിയവീട്ടിൽ പറഞ്ഞു. ഐഎവിയുടെ ഭാഗമായി നിലവിലുള്ള അഞ്ച്‌ ശാസ്‌ത്രജ്ഞർക്കും ഓരോ ലാബ്‌ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്‌, വൈറൽ വാക്സിൻസ്‌, ആന്റി വൈറൽ ഡ്രഗ്‌ ഗേവഷണം, വൈറസ്‌ ആപ്ലിക്കേഷൻസ്‌, വൈറസ്‌ എപ്പിഡെമോളജി–- വെക്‌ടർ ഡൈനാമിക്സ്‌ ആൻഡ്‌ പബ്ലിക്‌ ഹെൽത്ത്‌, വൈറസ്‌ ജീനോമിക്സ്‌–- ബയോ ഇൻഫോമാറ്റിക്സ്‌, ജനറൽ വൈറോളജി എന്നിങ്ങനെ എട്ട്‌ വകുപ്പുമുണ്ട്‌.

ലൈഫ്‌ സയൻസ്‌ പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്രയടിയിലെ ലാബ്‌ സമുച്ചയം പൂർത്തിയായത്‌. ബയോ സേഫ്റ്റി ലെവൽ -2 വിഭാഗത്തിലുള്ള 16 ലാബുകളുണ്ട്‌. ബയോ സേഫ്റ്റി ലെവൽ 3 വിഭാഗം ലാബ്‌ നിർമാണം പുരോഗമിക്കുകയാണ്‌.  കോവിഡ്‌, നിപാ, മങ്കിപോക്സ്‌, പേവിഷബാധ തുടങ്ങി എല്ലാത്തരം വൈറസ്‌ രോഗങ്ങളെപ്പറ്റിയും പരിശോധനയ്ക്കും ഗവേഷണത്തിനും ഉതകുന്നതാണ്‌ ലാബുകൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe