കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്രത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പടക്കം പൊട്ടിച്ചാണ് ആനകള്‍ ഇടഞ്ഞത് എന്ന വാദം തള്ളി ക്ഷേത്രഭാരവാഹികള്‍. ആനകളെ എഴുന്നള്ളിക്കുന്നിടത്ത് നിന്ന് ഏറെ മാറിയാണ് പടക്കം പൊട്ടിച്ചതെന്ന് ക്ഷേത്രോത്സവ സബ്കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി പറഞ്ഞു.
‘ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് ഉപയോഗിച്ചത്. ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല. ഇവിടെനിന്ന് അകലെ മാറി ക്ഷേത്രക്കുളത്തിനും അപ്പുറത്താണ് പടക്കം പൊട്ടിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആറ് ആനകളെ വരെ എഴുന്നള്ളിക്കാറുണ്ടായിരുന്നു. നാല് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതിയുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അനുമതി തേടിയത്. എഴുന്നള്ളത്തിനും വാളകം കൂടല്‍ ചടങ്ങിനും ശേഷമാണ് വെടിക്കെട്ട് നടക്കാറുള്ളത്. ആനയെ സുരക്ഷിതമായ സ്ഥലത്ത് തളച്ച ശേഷമാണ് ഇത് നടത്തിവന്നിരുന്നത്. എന്നാല്‍, ആനയില്‍നിന്ന് ആവശ്യമായ ദൂരം പാലിച്ചുകൊണ്ടാണ് പടക്കം പൊട്ടിച്ചത്. അത് ഒരിക്കലും ആനയ്ക്ക് പ്രകോപനം സൃഷ്ടിക്കില്ലെന്നും ഉണ്ണി പറഞ്ഞു.
പീതാംബരന്‍ എന്ന ആനയ്ക്ക്, മറ്റാനകളെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇത് നേരത്തെ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ ആനയെ ബുക്ക് ചെയ്യുമായിരുന്നില്ല. ഫിറ്റ്‌നസും സുരക്ഷയും കണക്കിലെടുത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളെ തന്നെ ഉത്സവത്തിന് എത്തിച്ചതെന്നും ഉണ്ണി പറഞ്ഞു.
എന്നാൽ പീതാംബരൻ ഇടക്കാലത്ത് ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്ന് ഗുരുവായൂർ വെറ്ററിനറി ഡോക്ടർ വിവേക് പറഞ്ഞു. പത്ത് വർഷം മുമ്പ് കൂട്ടാനകളോട് പ്രകോപനം കാണിച്ചിരുന്നു. പിന്നീട് മികച്ച പാപ്പാൻ മാർ നല്ല പരിശീലനം നൽകി. പിന്നീട് ഒരു ആന വേണ്ട ആഘോഷങ്ങൾക്ക് വേണ്ടി മാത്രം അയച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കൂട്ടാനകളോടൊപ്പം എഴുന്നള്ളിക്കാറുണ്ട്. ഇതിനിടിയിൽ ആദ്യത്തെ സംഭവമാണിത്. വെടിക്കെട്ടിനപ്പുറം ഇടയാൻ മറ്റെന്തെങ്കിലും പ്രകോപനമുണ്ടായോ എന്ന് അന്വേഷിക്കണമെന്നും ഗുരുവായൂർ ആനകോട്ടയിലെ വിദഗ്ദ സമിതി അംഗം കൂടിയായ ഡോ: വിവേക് പറഞ്ഞു.
അതിനിടെ കുത്തേറ്റ ഗോകുൽ എന്ന ആനയുടെ പരിക്ക് ഗുരുതരമല്ല. രാത്രി തന്നെ ആ നയെ ലോറിയിൽ കയറ്റി ഗുരുവായൂർ ആനക്കോട്ടയിലെത്തിച്ചിരുന്നു. ഗോകുലിന്റെ മുറിവുകളിൽ ഒന്ന് മാത്രമാണ് സാരമുള്ളതെന്നും ഡോക്ടർ പറഞ്ഞു.
അതിനിടെ പടക്കം പൊട്ടിച്ചതല്ല ആനയിടയാൻ കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. നാട്ടാന പരിപാല ലംഘനമാണ് പടക്കം പൊട്ടിക്കലിലൂടെ നടന്നതെന്നും ഇതും കരിമരുന്നിന്റെ അസഹ്യമായ മണവും പ്രകോപന കാരണമായിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.