പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കളില്ല; പോസ്റ്ററിൽ ഡിസിസി പ്രസിഡന്റ്

news image
Jan 3, 2025, 12:34 pm GMT+0000 payyolionline.in

കൽപറ്റ: വനനിയമ ഭേദഗതിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തുന്ന ജനകീയ യാത്രയിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കൾ പങ്കെടുക്കില്ല. ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്നു വൈകിട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ്‌ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പി.വി.അൻവർ അറിയിച്ചത്. എൻ.‍ഡി.അപ്പച്ചന്റെയും പി.വി.അൻവറിന്റെയും ചിത്രമുള്ള പോസ്റ്ററുകളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

എന്നാൽ തന്റെ അറിവില്ലാതെയാണ് അൻവർ ഇക്കാര്യങ്ങൾ ചെയ്തതെന്ന് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. യാത്രയിൽ പങ്കെടുക്കരുതെന്ന് കെപിസിസി നേതൃത്വം അപ്പച്ചനു നിർദേശം നൽകിയെന്നാണു വിവരം. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ആണെന്നും അറിയിച്ചിരുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് പി.വി.അൻവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യത്ര നടത്തുന്നത്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണു സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിലാണു യാത്ര സംഘടിപ്പിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുൾപ്പെടെയുള്ള സാധാരണക്കാർക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാകും പര്യടനമെന്നും അൻവർ അറിയിച്ചു.

യുഡിഎഫുമായി അടുക്കാൻ അൻവർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഡിസിസി പ്രസിഡന്റിനെക്കൊണ്ടു യാത്ര ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ തത്കാലം അൻവറിനെ അടുപ്പിക്കേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനിടെ മുസ്‌ലിം ലീഗിലേക്കു ചേക്കേറാനും അൻവർ നീക്കം നടത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം ലീഗ്നേതാക്കളും അൻവറിനെതിരാണ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് അൻവർ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe