കണ്ണൂർ: പി.എസ്.സി വഴി രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷത്തിലധികം നിയമനങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കിയെന്നും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പഠനം കഴിഞ്ഞ് ജോലി തേടുന്നവർക്കായി ‘കണക്ട് ടു വർക്ക്’ എന്ന പദ്ധതി വഴി സാമ്പത്തിക സഹായം ഉറപ്പാക്കിയതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദ പഠനം വരെ സൗജന്യമാക്കിയതും സർക്കാരിന്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ദേശീയപാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക അനുവദിച്ച ഏക സംസ്ഥാനം കേരളമാണ്. ഇതിനുപുറമെ തീരദേശ-മലയോര ഹൈവേകൾക്കായി 10,000 കോടി രൂപ ചെലവഴിക്കുന്നു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമായി കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമ്മാണം 2028-ഓടെ പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മാതൃകാ ടൗൺഷിപ്പ് ഒരുങ്ങുകയാണെന്നും 178 വീടുകൾ ഇതിനോടകം പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിൽ വൈറോളജി ലാബ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുന്നുണ്ട്. സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതിയും പ്രവാസികളുടെ സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സ്റ്റേഷനുകളും ആരംഭിക്കുമെന്നും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
