കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവീക്ഷേത്ര കാളിയാട്ട മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമേകി ജെസിഐ കൊയിലാണ്ടി ഒരുക്കിയ പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി. നന്തിബസാർ സഹാനി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഉത്സവ നഗരിയിൽ സജ്ജീകരിച്ച കേന്ദ്രം ആയിരക്കണക്കിന് ഭക്തർക്കാണ് തുണയായത്.മഹോത്സവത്തിന് കൊടിയേറിയ ദിവസം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ ഉദ്ഘാടനം നിർവ്വഹിച്ചു. ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉത്സവത്തിന്റെ സമാപന ദിവസം വരെ ഈ കേന്ദ്രം മുഴുവൻ സമയവും പ്രവർത്തിച്ചു .
കഠിനമായ ചൂടും തിരക്കും കാരണം തളർന്നു വീണവർക്കും പരിക്കേറ്റവർക്കും കേന്ദ്രത്തിൽ തത്സമയം ശുശ്രൂഷ നൽകി. ജനത്തിരക്കിനിടയിൽ നിന്നും ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുത്തി രോഗികളെ വേഗത്തിൽ കേന്ദ്രത്തിലെത്തിക്കാനും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനും ജെസിഐ പ്രവർത്തകർ മുൻകൈ എടുത്തു.
2013 മുതൽ (കോവിഡ് കാലയളവ് ഒഴികെ) മുടങ്ങാതെ നടത്തിവരുന്ന ഈ സേവനപ്രവർത്തനം ഭക്തജനങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെയും വലിയ പ്രശംസ പിടിച്ചുപറ്റി. ഉത്സവത്തിനെത്തുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ ഇത്തരമൊരു സേവനം തുടരാൻ കഴിയുന്നതിൽ വലിയ ചരിതാർത്ഥ്യമുണ്ടെന്ന് ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ, മുൻ പ്രസിഡന്റ് അഡ്വ. ജി. പ്രവീൺകുമാർ, പ്രോഗ്രാം ഡയറക്ടർ ജിതേഷ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
