കോഴിക്കോട്: സ്റ്റാൻഡിൽനിന്നും പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽനിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടർക്ക് യുവാവിന്റെ ക്രൂരമർദനം. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്വകര്യ ബസ് കണ്ടക്ടർ വട്ടോളി സ്വദേശി മാവുള്ളപറമ്പത് ദിവാകരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 6.20 ഓടെ വടകര പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് മുൻവശം കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് ട്രാക്കിലാണ് സംഭവമുണ്ടായത്. വടകര തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസ് കണ്ടക്ടറാണ് പരിക്കേറ്റ ദിവാകരൻ. ഇതര സംസ്ഥാന തൊഴിലാളിയാണ് ഇദ്ദേഹത്തെ മർദിച്ചതെന്ന് കരുതുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.
